രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരും അപരാജിതരുമായ കേരളം (Kerala Football) , 46-ാം ഫൈനലിനാണ് ഇറങ്ങുന്നത്. കേരളത്തിന്റെ മധ്യനിരശക്തം.

മഞ്ചേരി: സന്തോഷ് ട്രോഫിയില്‍ (Santosh Trophy) കിരീടപ്രതീക്ഷയുമായി കേരളം ഇന്നിറങ്ങും. പശ്ചിമ ബംഗാളാണ് എതിരാളികള്‍. രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരും അപരാജിതരുമായ കേരളം (Kerala Football) , 46-ാം ഫൈനലിനാണ് ഇറങ്ങുന്നത്. കേരളത്തിന്റെ മധ്യനിരശക്തം. പ്രതിരോധത്തിലെ വിടവുകള്‍ അടയ്ക്കാനുണ്ട് ബിനോ ജോര്‍ജിനും സംഘത്തിനും.

ടൂര്‍ണമെന്റില്‍ അഞ്ച് ഗോളടിച്ച ക്യാപ്റ്റന്‍ ജിജോ ജോസഫും സെമിയിലെ അഞ്ച് ഗോളടക്കം ആറെണ്ണം വലയിലെത്തിച്ച സൂപ്പര്‍ സബ് ജെസിനും ഗോള്‍വേട്ടയില്‍ മുന്നില്‍. 2018ല്‍ ഇതേ ബംഗാളിനെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് കിരീടം നേടിയപ്പോള്‍ കാവലാളായി നിന്ന മിഥുന്‍
ഇന്നും കേരളത്തിന്റെ വലകാക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗാളിനെ തോല്‍പ്പിച്ച ആത്മവിശ്വാസവുമുണ്ട് കേരളത്തിന്.

എന്നാല്‍ തോല്‍വിക്ക് ശേഷം തുടരെ മൂന്ന് മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയവുമായാണ് ബംഗാള്‍ എത്തുന്നത്. സന്തോഷ് ട്രോഫിയില്‍ 32 കിരീടത്തിന്റെ കരുത്തുമുണ്ട് ബംഗാളിന്. കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണ. 1989ലും 1994ലും ബംഗാള്‍ ജയിച്ചപ്പോള്‍ കേരളം പകരംവീട്ടിയത് 2018ല്‍. ഗാലറിയിലെ കാല്‍ലക്ഷം കാണികളുടെ ആവേശവും ഇത്തവണ കേരളത്തിന്റെ കരുത്ത് കൂട്ടും.

ബംഗാളിന്റെ താരങ്ങള്‍ ശക്തരാണെങ്കിലും ഫൈനലിലും ആക്രമണശൈലി തന്നെയാകുമെന്ന് കേരളാ ടീം പരിശീലകന്‍ ബിനോ ജോര്‍ജ്. ടൂര്‍ണമെന്റ് കണ്ട ഏറ്റവും മികച്ച മത്സരമാകും ഇന്നത്തേതെന്ന് ബംഗാള്‍ ടീം പരിശീലകന്‍ രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു.