Asianet News MalayalamAsianet News Malayalam

സന്തോഷ് ട്രോഫിയില്‍ വിജയത്തോടെ തുടങ്ങാന്‍ കേരളം; ആദ്യ എതിരാളി രാജസ്ഥാന്‍

മികച്ച രണ്ട് ടീമുകള്‍ക്കാണ് ഫൈനല്‍ റൗണ്ട് യോഗ്യത. രാജസ്ഥാനെതിരെ ആദ്യ കളിയില്‍ വിജയത്തുടക്കത്തിനുള്ള ഒരുക്കത്തിലാണ് കേരള ടീം. ഗ്രൂപ്പില്‍ മിസോറാമാണ് കേരളത്തിന്റെ പ്രധാന എതിരാളികള്‍.

Kerala vs Rajasthan Santosh Trophy match preview and team
Author
First Published Dec 26, 2022, 9:48 AM IST

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. വൈകിട്ട് 3.30ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാനാണ് എതിരാളികള്‍. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ഇന്ന് കോഴിക്കോട് ആരംഭിക്കുന്നത്. ജമ്മു കശ്മീര്‍, മിസോറാം, ആന്ധ്രാ പ്രദേശ്, ബീഹാര്‍ എന്നിവരാണ് ഗ്രൂപ്പ് രണ്ടിലെ മറ്റു ടീമുകള്‍ ദിവസവും രണ്ട് കളികളാണ് ഉള്ളത്. രാവില എട്ടിനും വൈകിട്ട് മൂന്നരക്കും. ഓരോ ടീമിനും അഞ്ച് കളികളാണ് ഉള്ളത്. 

മികച്ച രണ്ട് ടീമുകള്‍ക്കാണ് ഫൈനല്‍ റൗണ്ട് യോഗ്യത. രാജസ്ഥാനെതിരെ ആദ്യ കളിയില്‍ വിജയത്തുടക്കത്തിനുള്ള ഒരുക്കത്തിലാണ് കേരള ടീം. ഗ്രൂപ്പില്‍ മിസോറാമാണ് കേരളത്തിന്റെ പ്രധാന എതിരാളികള്‍. നിലവിലെ ചാംപ്യന്മാരാണ് കേരളം. കഴിഞ്ഞ തവണ ബംഗാളിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. ഇത്തവണയും കേരളം ഫൈനല്‍ റൗണ്ടിന് വേദിയാവാന്‍ സാധ്യതയുണ്ട്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സൗദി അറേബ്യയില്‍ നടത്താനുള്ള ആലോചനയിലുമാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. 

കിരീടം നില നിര്‍ത്തുകയാണ് കേരള ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ വി മിഥുന്‍ പറഞ്ഞു. ഒരു ടീമിന്റെയും ശക്തി കുറച്ച് കാണുന്നില്ലെന്നും മിഥുന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; ഒഡീഷ എഫ്‌സിയോട് കടം വീട്ടാനുണ്ട്

ഗോള്‍ കീപ്പറായ മിഥുന്റെ കീഴില്‍ ആണ് 22 അംഗ കേരള ടീമിനെയാണ് പ്രഖ്യാപിച്ചത്. 2017-2018, 2021-22 സീസണുകളില്‍ കേരളം കിരീടം നേടിയപ്പോള്‍ ഗോള്‍വല കാത്തതും മിഥുനായിരുന്നു. വിനീഷ്, നരേഷ്, ജോണ്‍ പോള്‍ എന്നിവരാണ് സ്‌ട്രൈക്കര്‍മാര്‍. മുന്‍ വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കാമെന്നും മികച്ച ഫലം പ്രതീക്ഷിക്കുന്നതായും മിഥുന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 16 പുതുമുഖങ്ങളാണെങ്കിലും ടീം സന്തുലിതമാണെന്ന് പരിശീലകന്‍ പി ബി രമേശ് പറഞ്ഞു. വിവിധ ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാര്‍ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുക. അതിനാല്‍ കേരളത്തിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും നിര്‍ണായകമാണ്.

ഗോള്‍ കീപ്പര്‍മാര്‍: വി. മിഥുന്‍ (കണ്ണൂര്‍), പി.എ. അജ്മല്‍ (മലപ്പുറം), ടി.വി. അല്‍ക്കേഷ് രാജ് (തൃശൂര്‍).

പ്രതിരോധം: എം. മനോജ്, ആര്‍. ഷിനു, ബെഞ്ചമിന്‍ ബോള്‍സ്റ്റര്‍, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീന്‍, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖില്‍ ജെ. ചന്ദ്രന്‍ (എറണാകുളം).

മധ്യനിര: ഋഷിദത്ത് (തൃശൂര്‍), എം. റാഷിദ്, റിസ്വാന്‍ അലി (കാസര്‍കോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗില്‍ബര്‍ട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹന്‍ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം).

മുന്നേറ്റനിര: എം. വിനീഷ്, ബി. നരേഷ്, ജോണ്‍പോള്‍.

Follow Us:
Download App:
  • android
  • ios