കൊച്ചി:  സൂപ്പര്‍ താരം ലിയോണല്‍ മെസി ബാഴ്സലോണ വിടുന്നുവെന്ന വാര്‍ത്തകളായിരുന്നു ഇന്നലെ രാത്രി ഫുട്ബോള്‍ ലോകത്തെ പിടിച്ചു കുലുക്കിയത്. ബാഴ്സ വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി മെസി അയച്ച ഫാക്സ് സന്ദേശമാണ് ഫുട്ബോള്‍ ലോകത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം വലിയ ചര്‍ച്ചയായത്. ലക്ഷക്കണക്കിന് ട്വീറ്റൂകള്‍ പാറിപറക്കുന്നതിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞതും മെസി എന്ന പേരായിരുന്നു.

ഇതിനിടെ മെസി ബാഴ്സ വിടുന്നുവെന്ന വാര്‍ത്തയോട് രസകരമായ പ്രതികരണങ്ങളും എത്തി. മെസിയെ കൊല്‍ക്കത്തയുടെ പര്‍പ്പിള്‍, ഗോള്‍ഡ് കളര്‍ ജേഴ്സി അണിയാന്‍ ക്ഷണിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സായിരുന്നു. മെസി കൊല്‍ക്കത്തയുടെ ജേഴ്സി അണിഞ്ഞാലെ എന്ന് ചോദിച്ച് മെസിയെ കൊല്‍ക്കത്ത ജേഴ്സി അണിയിച്ചുള്ള ചിത്രമായിരുന്നു നൈറ്റ് റൈഡേഴ്സ് ട്വീറ്റ് ചെയ്തത്.

ഐഎസ്‌എല്ലില്‍ കേരളത്തിന്റെ പ്രതിനിധകളായ കേരളാ ബ്ലാസ്റ്റേഴ്സായിരുന്നു മെസിയുടെ കൂടുമാറ്റവാര്‍ത്തയെക്കുറിച്ച് പ്രതികരിച്ച മറ്റൊരു ടീം. തങ്ങള്‍ പ്രഖ്യാപിക്കുന്നതിനും ഒരു ദിവസം മുമ്പെ മെസി ബാഴ്സ വിട്ടുവെന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റ്.

എന്നാല്‍ മെസിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങളില്ലെന്ന് വ്യക്തമാക്കി ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഇട്ട ട്വീറ്റും ആരാധകരില്‍ ചിരി പടര്‍ത്തി. മെസി ബാഴ്സ വിടുന്ന പശ്ചാത്തലത്തില്‍ മെസിക്കുവേണ്ടിയുള്ള മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇല്ലെന്ന് അറിയിക്കുന്നു എന്നായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് ട്വീറ്റ് ചെയ്തത്.