കഴിഞ്ഞ സീസണില്‍ അല്‍ ഹിലാല്‍ ചാമ്പ്യന്‍മാരായപ്പോള്‍ മൂന്നാം സ്ഥാനത്താണ് അല്‍-നസര്‍ ഫിനിഷ് ചെയ്തത്. ഒമ്പത് തവണ ലീഗ് ചാമ്പ്യന്‍മാരായതിനൊപ്പം രാജ്യത്തെ നോക്കൗട്ട് ചാമ്പ്യന്‍ഷിപ്പായ കിംഗ്സ് കപ്പില്‍ ആറ് തവണയും അല്‍-നസര്‍ ചാമ്പ്യന്‍മാരായി.

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടതിന്‍റെ ആവേശത്തിലാണ് ഏഷ്യയിലെ ഫുട്ബോള്‍ ആരാധകര്‍. റൊണാള്‍ഡോയുടെ വരവ് സൗദിക്കൊപ്പം ഏഷ്യന്‍ ഫുട്ബോളിനെയും ലോക ശ്രദ്ധയില്‍ എത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. 2025വരെയാണ് അല്‍-നസറുമായി 37കാരനായ റൊണാള്‍ഡോ കരാറൊപ്പിട്ടിരിക്കുന്നത്.

അല്‍-നസറിന്‍റെ ചരിത്രം

സൗദി പ്രഫഷണല്‍ ലീഗില്‍(എസ്‌പിഎല്‍) മികച്ച റെക്കോര്‍ഡുള്ള ക്ലബ്ബാണ് 1955ല്‍ രൂപീകരിക്കപ്പെട്ട അല്‍-നസര്‍ ഫുട്ബോള്‍ ക്ലബ്ബ്. സൗദി തലസ്ഥാനമായ റിയാദാണ് ക്ലബ്ബിന്‍റെ ആസ്ഥാനം. 25000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് അല്‍-നസറിന്‍റെ ഹോം ഗ്രൗണ്ടായ മര്‍സൂര്‍ പാര്‍ക്ക്. മഞ്ഞയും നീലയും കലര്‍ന്നതാണ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി. ലീഗില്‍ ഇതുവരെ ഒമ്പത് തവണ കിരീടം നേടിയിട്ടുള്ള അല്‍-നസര്‍ 2018-2019 സീസണിലാണ് അവസാനം കീരിടം നേടിയത്. ഈ സീസണില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അല്‍-ഷബാബിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അല്‍-നസര്‍.

കഴിഞ്ഞ സീസണില്‍ അല്‍ ഹിലാല്‍ ചാമ്പ്യന്‍മാരായപ്പോള്‍ മൂന്നാം സ്ഥാനത്താണ് അല്‍-നസര്‍ ഫിനിഷ് ചെയ്തത്. ഒമ്പത് തവണ ലീഗ് ചാമ്പ്യന്‍മാരായതിനൊപ്പം രാജ്യത്തെ നോക്കൗട്ട് ചാമ്പ്യന്‍ഷിപ്പായ കിംഗ്സ് കപ്പില്‍ ആറ് തവണയും അല്‍-നസര്‍ ചാമ്പ്യന്‍മാരായി. 1990ലാണ് ഏറ്റവും ഒടുവില്‍ കിംഗ്സ് കപ്പ് നേടിയത്. ഏഷ്യയിലെ പ്രീമിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പായ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ 1995ല്‍ ജപ്പാനീസ് ക്ലബ്ബായ ഇഹ്‌വ ചുന്‍മക്ക് പിന്നില്‍ റണ്ണേഴ്സ് അപ്പായതാണ് മറ്റൊരു നേട്ടം.

ടീമില്‍ എത്ര വിദേശകളിക്കാര്‍

എട്ട് വിദേശ കളിക്കാരെയാണ് എസ് പി എല്‍ ക്ലബ്ബുകള്‍ക്ക് ടീമിലെടുക്കാനാവുക. ഇതില്‍ ഏഴ് പേരെ വരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയും. 1977 മുതല്‍ 1998വരെ അല്‍ നസറിനായി കളിച്ച സൗദി സ്ട്രൈക്കര്‍ മജീദ് അബ്ദുള്ളയാണ് ടീമിന്‍റെ എക്കാലത്തെയും വലിയ ടോപ് സ്കോറര്‍. 189 ഗോളുകളാണ് മജീദ് ടീമിനായി അടിച്ചുകൂട്ടിയത്.

റൊണാള്‍ഡോക്ക് ഒപ്പം പന്ത് തട്ടാന്‍ ടീമില്‍ ആരൊക്കെ

റൊണാള്‍ഡോക്ക് ഒപ്പം അല്‍-നസറില്‍ പന്ത് തട്ടാന്‍ ആരൊക്കെ ഉണ്ടാവുമെന്നതാണ് ആരാധകരുടെ ആകാംക്ഷ. അതില്‍ എടുത്തുപറയേണ്ട പേര് കാമറൂണ്‍ നായകന്‍ വിന്‍സെന്‍റ് അബൂബക്കറിന്‍റേതാണ്. ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത വിന്‍സെന്‍റ് അബൂബക്കര്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലിനെ ഞെട്ടിച്ച് അവസാന മിനിറ്റില്‍ ടീമിന്‍റെ വിജയഗോള്‍ നേടിയിരുന്നു.

കൊളംബിയന്‍ ഗോള്‍ കീപ്പറായ ഡേവിഡ് ഒസ്പിന ആണ് മറ്റൊരു പ്രധാന വിദേശ താരം. ആഴ്സണലിനും നാപ്പോളിക്കും കളിച്ചഷേശമാണ് ഒസ്പിന അല്‍-നസറിലെത്തിയത്. ബ്രസീലിയന്‍ താരങ്ങളായ ടാലിസ്ക, ലൂയിസ് ഗുസ്താവോ, സ്പാനിഷ് താരം ആല്‍വാരോ ഗോണ്‍സോലോസ്, അര്‍ജന്‍റീനിയന്‍ താരം പിറ്റി മാര്‍ട്ടിനെസ്, ഉസ്ബെക് താരം ജലാലുദ്ദീന്‍ മാഷാറിപ്പോവ് എന്നിവരാണ് ടീമിലെ മറ്റ് പ്രധാന വിദേശ താരങ്ങള്‍.