കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് കോതമംഗലം എം എ കോളേജ്. കെപിഎല്ലില്‍ കളിക്കുന്ന ആദ്യ കൊളേജ് ടീമെന്ന നേട്ടമാണ് എം എ കോളേജ് ടീം സ്വന്തമാക്കിയിരിക്കുന്നത്. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ കളിക്കുന്ന ആദ്യ കോളേജ് ടീമെന്ന റെക്കോഡും എംഎ കോളേജിന് സ്വന്തമാവും.

യോഗ്യതാ റൗണ്ടില്‍ ട്രാന്‍വാന്‍കൂര്‍ റോയല്‍സിനെ തകര്‍ത്താണ് കോതമംഗലം എംഎ കോളേജ് കേരള പ്രീമിയര്‍ ലീഗിന് യോഗ്യത നേടിയത്. കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള തുടങ്ങിയ പ്രമുഖ ക്ലബുകള്‍ പന്തുതട്ടുന്ന ലീഗില്‍ യുവതാരങ്ങളെ മാത്രം അണിനിരത്തിയാണ് എംഎ കോളേജ് ഇറങ്ങുക. ടീമിലെ താരങ്ങളെല്ലാം 1998നും 2001നും ഇടയില്‍ ജനിച്ചവരാണ്.

കായിക പരമ്പര്യം ഏറെയുള്ള കോതമംഗലത്തുനിന്ന് ആദ്യമായാണ് ഒരു ഫുട്‌ബോള്‍ ടീം പ്രൊഫഷണല്‍ ലീഗിന് യോഗ്യത നേടുന്നത്. എം ജി സര്‍വകലാശാലയിലെ ഫുട്‌ബോള്‍ ശക്തിയായി വളര്‍ന്ന എം എ കോളേജ് കേരള ഫുട്‌ബോളിലും ചരിത്രം കുറിക്കാനൊരുമ്പോള്‍ നാട്ടുകാരും ഏറെ ആവേശത്തിലാണ്.

ടീമിനെ സജ്ജമാക്കുന്നതില്‍ കോളേജ് മാനേജ്‌മെന്റ് നല്‍കുന്ന പിന്തുണയാണ് ഏറ്റവും പ്രധാന സവിശേഷത. കേരളത്തിലെ തന്നെ ഒരുകോളേജ് ടീമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് എം എ കോളേജ് ടീമിനുള്ളത്.