മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗും പ്രൊഫഷനലാകുന്നു. 2024-25 സീസണ്‍ മുതല്‍ ലീഗില്‍ തരം താഴ്ത്തലുമുണ്ടാകുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു. ഇക്കാര്യം മറ്റു ടീമുകളെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ അംഗീകരിച്ചതായും ദാസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തരം താഴ്ത്തല്‍ മാത്രമല്ല ഐ ലീഗില്‍ ഒന്നാമതെത്തുന്ന ടീമിന് പ്രമോഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ദാസിന്റെ വാക്കുകള്‍... ''2022 ലേയും, 2023 ലേയും ഐ ലീഗ് വിജയികള്‍ക്ക് ഐഎസ്എല്ലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തരം താഴ്ത്തലും, പ്രൊമോഷനും ഏര്‍പ്പെടുത്തും. ഈ സീസണ്‍ മുതല്‍ ഐ എസ് എല്ലില്‍ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമിനെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തും. ടീമുകള്‍ ഇക്കാര്യം അംഗീകരിച്ചതാണ്.''കുശാല്‍ ദാസ് പറഞ്ഞു.

മോഹന്‍ ബഗാന് പുറമെ ഈസ്റ്റ് ബംഗാളും ഐഎസ്എല്ലിലേക്ക് വരുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും കുശാല്‍ ദാസ് പറഞ്ഞു. ''രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ടീമുകള്‍ ഐ എസ് എല്ലിലേക്ക് എത്തുന്നത് ലീഗിനെ സംബന്ധിച്ച് മഹത്തായ കാര്യമാണ്. ഈസ്റ്റ് ബംഗാളിന് പുറമെ മോഹന്‍ ബഗാനും വരുന്നത് ടൂര്‍ണമെന്റിന്റെ ജനപ്രീതി വര്‍ധിപ്പിക്കും. ടൂര്‍ണമെന്റ് കൂടുതല്‍ ആവേശഭരിതമാക്കാന്‍ അവരുടെ തീരുമാനം സഹായിക്കും.'' അദ്ദേഹം വ്യക്തമാക്കി.