മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന്‍റെ കഷ്ടകാലം തുടരുന്നു. റയൽ സോസിഡാഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് റയൽ മാഡ്രിഡിനെ തോൽപിച്ചു. ആറാം മിനിറ്റിൽ മുന്നിലെത്തിയ ശേഷമായിരുന്നു റയലിന്‍റെ തോൽവി. 68 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് റയൽ.

ഇതേസമയം, കിരീടം നിലനിർത്തിയ ബാഴ്‌സലോണ എതിരില്ലാത്ത രണ്ട് ഗോളിന് ഗെറ്റാഫെയെ തോൽപിച്ചു. അർതുറോ വിദാൽ ആദ്യ ഗോൾ നേടിയപ്പോൾ, രണ്ടാം ഗോൾ സെൽഫ് ഗോളായിരുന്നു. മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡും സെവിയയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.

ഇതേസമയം ഇറ്റാലിയൻ ലീഗിൽ കിരീടം സ്വന്തമാക്കിയ യുവന്‍റസും തോൽവി നേരിട്ടും. എ എസ് റോമ എതിരില്ലാത്ത രണ്ട് ഗോളിന് യുവന്‍റസിനെ തോൽപിച്ചു. രണ്ടാം പകുതിയിൽ അലസാന്ദ്രോ ഫ്ലോറെൻസിയും എഡെൻ സേകോയും നേടിയ ഗോളുകൾക്കാണ് റോമയുടെ ജയം. മറ്റൊരു മത്സരത്തിൽ എ സി മിലാൻ ഒറ്റഗോളിന് ഫിയൊറെന്‍റീനയെ തോൽപിച്ചു.