ബാഴ്‌സലോണ: ലിയോണല്‍ മെസി ചരിത്രമെഴുതിയ മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം. സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‌സ ഒന്നിനെതിരെ നാല് ഗോളിന് അലാവ്സിനെ തോൽപിച്ചു. 

പതിനാലാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്‌മാനാണ് ബാഴ്‌സയുടെ സ്‌കോറിംഗിന് തുടക്കമിട്ടത്. ഇടവേളയ്‌ക്ക് തൊട്ടുമുൻപ് അർതൂറോ വിദാൽ രണ്ടാംഗോൾ നേടി. അറുപത്തിയൊൻപതാം മിനിറ്റിൽ ക്യാപ്റ്റൻ ലിയോണൽ മെസിയുടെ ഊഴമായിരുന്നു. ലൂയിസ് സുവാരസാണ് ബാഴ്‌സയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. ജയത്തോടെ ബാഴ്‌സ 39 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

തുടർച്ചയായ ആറാം കലണ്ടർ വർഷത്തിലും അൻപത് ഗോളെന്ന നേട്ടം സ്വന്തമാക്കി ബാഴ്‌സലോണ നായകൻ ലിയോണൽ മെസി. ഈ കലണ്ടർ വ‍ർഷം ബാഴ്‌സലോണയ്‌ക്കും അർജന്റീനയ്‌ക്കുമായി 58 കളിയിൽ നിന്നാണ് മെസി 50 ഗോൾ പൂർത്തിയാക്കിയത്. ആറാം ബാലൻ ഡി ഓർ സ്വന്തമാക്കിയ മെസി ഇക്കാലയളവിൽ പതിനെട്ട് ഗോളിനും വഴിയൊരുക്കിയിരുന്നു. അവസാന പത്ത് സീസണിൽ ഒൻപതാം തവണയാണ് മെസി കലണ്ടർ വർഷം അൻപത് ഗോൾ എന്ന നേട്ടം മറികടക്കുന്നത്. 2012ൽ നേടിയ 91 ഗോളാണ് മെസിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

അതേസമയം ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ ഇന്റർ മിലാന്‍ തകർപ്പൻ ജയം സ്വന്തമാക്കി. ഇന്റ‍ർ എതിരില്ലാത്ത നാല് ഗോളിന് ജെനോവയെ തകർത്തു. റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോൾ മികവിലാണ് ഇന്ററിന്റെ ജയം. 31, 71 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകൾ. റോബർട്ടോ ഗാഗ്ലിയാർഡീനിയും സെബാസ്റ്റ്യാനോ എസ്പോസിറ്റോയുമാണ് മറ്റുഗോളുകൾ നേടിയത്. ജയത്തോടെ ഇന്റർ 42 പോയിന്റുമായി ഇന്റർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. ഇതേ പോയിന്റാണെങ്കിലും യുവന്റസ് ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനത്താണ്.

ജർമൻ ലീഗ് ഫുട്ബോളിൽ വമ്പന്‍മാരായ ബയേൺ മ്യൂണിക്കും ജയിച്ചു. ബയേൺ എതിരില്ലാത്ത രണ്ട് ഗോളിന് വോൾഫ്സ് ബർഗിനെ തോൽപിച്ചു. അവസാന നാല് മിനിറ്റിനിടെ ആയിരുന്നു ബയേണിന്റെ ഗോളുകൾ. ജോഷ്വ സിർക്സീയും സെർജി ഗ്നാബ്രിയും ആയിരുന്നു ബയേണിന്റെ സ്‌കോറർമാർ. 17 കളിയിൽ 33 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്. 37 പോയിന്റുള്ള ലൈപ്സിഷാണ് ഒന്നാംസ്ഥാനത്ത്.