സെവിയ്യ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ കരുത്തരായ റയൽ മാ‍ഡ്രിഡും ബാഴ്‌സലോണയും ഇന്ന് ഇരുപത്തിമൂന്നാം റൗണ്ട് മത്സരത്തിനിറങ്ങുന്നു. രാത്രി എട്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ റയൽ, ഒസസൂനയേയും ബാഴ്‌സലോണ രാത്രി ഒന്നരയ്‌ക്ക് റയൽ ബെറ്റിസിനേയും നേരിടും. കിംഗ്സ് കപ്പ് ഫുട്ബോളിൽ നിന്ന് പുറത്തായതിന്റെ ഞെട്ടൽ മാറാതെയാണ് റയലും ബാഴ്‌സയും ഇറങ്ങുന്നത്. 

ഇരു ടീമിനും ജയം നിര്‍ണായകം

സീസണില്‍ 49 പോയിന്റുള്ള റയലാണ് സ്‌പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 46 പോയിന്റുമായി ബാഴ്‌സലോണ തൊട്ടുപിന്നിലുണ്ട്. ഇതുകൊണ്ടുതന്നെ ഇരുടീമിനും നിർണായകമാണ് ഇനിയുള്ള മത്സരങ്ങളെല്ലാം. റയലിനും ബാഴ്‌സയ്‌ക്കും ഇന്ന് എതിരാളികളുടെ ഗ്രൗണ്ടിലാണ് മത്സരം.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മത്സരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് വെസ്റ്റ്ഹാമിനെ നേരിടും. രാത്രി പത്തിന് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 25 കളിയിൽ 51 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ 22 പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റർ സിറ്റി. തരംതാഴ്‌ത്തൽ ഭീഷണി നേരിടുന്ന വെസ്റ്റ്ഹാം ലീഗിൽ പതിനെട്ടാം സ്ഥാനത്താണ്.