മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ കിരീടസാധ്യത നിലനിർത്താൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ സമയം രാത്രി ഒന്നരയ്‌ക്ക് തുടങ്ങുന്ന കളിയിൽ അലാവസാണ് എതിരാളികൾ. 

അലാവസിന് എതിരെ റയലിനായി ബ്രസീലിയന്‍ യുവ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ കളിക്കും. വിനീഷ്യസിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് പരിശോധനാ പിഴവാണ് എന്നാണ് പരിശീലകന്‍ സിദാന്‍റെ പ്രതികരണം. അതേസമയം സസ്‌പെന്‍ഷനിലുള്ള നായകന്‍ സെര്‍ജിയോ റാമോസിനും ഡാനി കാര്‍വഹാലിനും ഇന്ന് കളത്തിലിറങ്ങാനാവില്ല. പരിക്കേറ്റ മാര്‍സലോയും സ്‌ക്വാഡിലില്ല. 

രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാൾ ഒരു പോയിന്റ് മാത്രം മുന്നിലാണ് റയൽ. എന്നാല്‍ ബാഴ്‌സയേക്കാള്‍ ഒരു മത്സരം കുറവാണ് റയല്‍ കളിച്ചത്. റയലിന് 34 മത്സരങ്ങളില്‍ 77 പോയിന്‍റും ബാഴ്‌സലോണയ്‌ക്ക് 35 കളിയില്‍ 76 പോയിന്‍റുമാണുള്ളത്. ബാഴ്‌സലോണ നാളെ വയ്യാഡോളിഡിനെ നേരിടും. ഈ മത്സരവും ലാ ലിഗ ജേതാക്കളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. 

Read more: പ്രീമിയര്‍ ലീഗില്‍ ഗംഭീര ജയവുമായി യുണൈറ്റഡ്; റെക്കോര്‍ഡ്