എൽചെ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‌സലോണയ്‌ക്ക് ജയം. ബാഴ്സലോണ എതിരില്ലാത്ത രണ്ട് ഗോളിന് എൽചെയെ തോൽപിച്ചു. 39, 89 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. സസ്‌പെൻഷനിലായ നായകൻ ലിയോണൽ മെസി ഇല്ലാതെയാണ് ബാഴ്സ ഇറങ്ങിയതും ജയം സ്വന്തമാക്കിയതും. 19 കളിയിൽ 37 പോയിന്റുമായി ബാഴ്സ ലീഗിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. 

ഇറ്റലിയില്‍ യുവന്‍റസ്

അതേസമയം ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ യുവന്റസ് ജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളിന് ബൊളോഗ്നയെ തോൽപിച്ചു. ഇരുപകുതികളിലായി ആർതർ മെലോയും മക്കെനിയും നേടിയ ഗോളുകൾക്കാണ് യുവന്റസിന്റെ ജയം. പതിനഞ്ചാം മിനിറ്റിലായിരുന്നു ആർതറിന്റെ ഗോൾ. യുവന്റസ് ജഴ്സിയിൽ ബ്രസീലിയൻ താരത്തിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. 

എഴുപത്തിയൊന്നാം മിനിറ്റിൽ മക്കെനിയും ലക്ഷ്യം കണ്ടു. 18 കളിയിൽ 36 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണിപ്പോഴും നിലവിലെ ചാമ്പ്യൻമാരായ യുവന്റസ്.

സൂപ്പര്‍ സണ്‍ഡേയില്‍ ക്ലാസിക് ജയവുമായി യുണൈറ്റഡ്; ലിവർപൂൾ പുറത്ത്!