പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ബാഴ്‌സലോണ ടീമുകൾക്ക് കിരീട പ്രതീക്ഷയുണ്ട്. 

ബിൽബാവോ: ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ഇന്ന് നിർണായക മത്സരങ്ങൾ. കിരീട പ്രതീക്ഷയുള്ള അത്‌ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ബാഴ്‌സലോണ, ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. എല്ലാ കളിയും രാത്രി പത്തിനാണ് തുടങ്ങുക.

ലാ ലീഗയിൽ ഇത്തവണ ആര് കിരീടം നേടുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ബാഴ്‌സലോണ ടീമുകൾ കിരീട പ്രതീക്ഷയിൽ. അത്‌ലറ്റിക്കോയ്‌ക്ക് 80ഉം റയലിന് 78ഉം ബാഴ്‌സയ്‌ക്ക് 76ഉം പോയിന്റാണുള്ളത്. മുപ്പത്തിയേഴാം റൗണ്ടിനിറങ്ങുമ്പോൾ തോൽക്കുന്നവരുടെ കിരീട സാധ്യത അവസാനിക്കും. 

അത്‌ലറ്റിക്കോ മാഡ്രിഡ്, ഒസസൂനയെയും റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ ബിൽബാവോയെയും ബാഴ്‌സലോണ, സെൽറ്റാ വിഗോയെയും നേരിടും. ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും ജയിച്ചാൽ ലീഗ് ജേതാക്കൾക്കായി ഇനിയും കാത്തിരിക്കേണ്ടിവരും. അത്‌ലറ്റിക്കോ മാഡ്രിഡ് ജയിക്കാതെ നിൽക്കുകയും റയൽ ജയിക്കുകയും ചെയ്‌താൽ സിദാനും സംഘവും ലീഗിൽ ഒന്നാം സ്ഥാനത്തെത്തും. 

റയൽ തോൽക്കുകയും അത്‌ലറ്റിക്കോ മാഡ്രിഡ് ജയിക്കുകയും ചെയ്‌താൽ അവസാന റൗണ്ടുവരെ കാത്തിരിക്കേണ്ടിവരില്ല. അത്‌ലറ്റിക്കോ മാഡ്രിഡായിരിക്കും ചാമ്പ്യൻമാർ. അത്‌ലറ്റിക്കോയും റയലും തോറ്റാലേ ബാഴ്‌ലോണയ്‌ക്ക് സാധ്യതയുള്ളൂ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona