മാഡ്രിഡ്: ഫുട്‌ബോള്‍ ആരാധകര്‍ക്ക് വീണ്ടും സന്തോഷ വാര്‍ത്ത. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ലാ ലിഗ മത്സരങ്ങള്‍ ജൂണ്‍ എട്ടിന് പുനഃരാരംഭിക്കും. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസാണ് ഇക്കാര്യം അറിയിച്ചത്. അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും മത്സരം. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് മത്സരങ്ങള്‍ നടത്തുകയെന്ന് ലാ ലിഗ അധികൃതരും അറിയിച്ചിട്ടുണ്ട്. 

കോലിക്ക് സച്ചിനെ മറികടക്കാനാവില്ല;  കാരണം വ്യക്തമാക്കി പീറ്റേഴ്സണ്‍

മാര്‍ച്ച് 23നാണ് സ്‌പെയ്‌നില്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. ലാ ലിഗയിലെ ക്ലബുകള്‍ക്ക് പരിശീലനം തുടങ്ങാന്‍ സ്പാനിഷ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അടുത്തിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. ബാഴ്‌സലോണയുടെ ലിയോണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരുള്‍പ്പെടുന്ന താരങ്ങള്‍ ഗ്രൗണ്ടിലെത്തിയിരുന്നു. 

11 മത്സരങ്ങളാണ് ഇനി ലാ ലിഗയില്‍ അവശേഷിക്കുന്നത്. 27 മത്സരങ്ങളില്‍ 58 പോയിന്റമായി ബാഴ്സലോണയാണ് മുന്നില്‍. ഇത്രയും മത്സരങ്ങളില്‍ 56 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാമതാണ്. സെവിയ (47), റയല്‍ സോസിഡാഡ് (46) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

നേരത്തെ ബുണ്ടസ് ലിഗ മത്സരങ്ങള്‍ ആരംഭിച്ചിരുന്നു. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.