Asianet News MalayalamAsianet News Malayalam

മെസ്സിയുമായി പുതിയ കരാർ ഒപ്പിടാൻ വൈകുന്നതിനുള്ള കാരണം വ്യക്തമാക്കി ബാഴ്സ പ്രസി‍ഡന്റ്

2000 സെപ്റ്റംബറിൽ തന്റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയശേഷം കരിയറിൽ ആദ്യമായാണ് മെസ്സി ഒരു ക്ലബ്ബുമായും കരാറില്ലാത്ത ഫ്രീ ഏജന്റാവുന്നത്.

La Ligas financial fair play rules delaying Lionel Messis new deal says Barcelona president Laporta
Author
Barcelona, First Published Jul 1, 2021, 5:22 PM IST

ബാഴ്സലോണ: സൂപ്പർ താരം ലിയോണൽ മെസ്സിയുമായി പുതിയ കരാർ ഒപ്പിടുന്നത് വൈകുന്നതിനുള്ള കാരണം വ്യക്തമാക്കി ബാഴ്സ പ്രസിഡന്റ് ജോൻ ലാപ്പോർട്ട. മെസ്സിയുമായുള്ള ബാഴ്സയുടെ കരാർ ഇന്നലെ അവസാനിച്ചതോടെ താരം ഫ്രീ ഏജന്റായി മാറിയിരുന്നു. എന്നാൽ മെസ്സിയുമായി പുതിയ കരാറിന് ധാരണയായിട്ടുണ്ടെന്നും ലാ ലി​ഗയുടെ സാമ്പത്തിക നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് കരാർ പ്രാബല്യത്തിൽ വരാത്തതെന്നും ലപ്പോർട്ട പറഞ്ഞു.

2000 സെപ്റ്റംബറിൽ തന്റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയശേഷം കരിയറിൽ ആദ്യമായാണ് മെസ്സി ഒരു ക്ലബ്ബുമായും കരാറില്ലാത്ത ഫ്രീ ഏജന്റാവുന്നത്. ബാഴ്സയിൽ തുടരാനാണ് മെസ്സി ആ​ഗ്രഹിക്കുന്നതെന്നും എന്നാൽ മെസ്സിയുമായുള്ള പുതിയ കരാർ ലാ ലി​ഗ അധികൃതരുടെ സാമ്പത്തിക നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനയിലാണെന്നും ലപ്പോർട്ട പറഞ്ഞു.

കാര്യങ്ങളെല്ലാം നല്ല രീതിയിലാണ് മുന്നോട്ടു പോവുന്നത്. ബാഴ്സയിൽ തുടരാൻ മെസ്സി ആ​ഗ്രഹിക്കുന്നു.അദ്ദേഹത്തെ നിലനിർത്താൻ ഞങ്ങളും. അതിനായുള്ള ആത്മാർത്ഥ ശ്രമങ്ങൾ തുടരുകയാണ്. അദ്ദേഹം ടീമിൽ തുടരുമെന്നുതന്നെയാണ് ഞങ്ങൾ കരുതുന്നത്. അദ്ദേഹത്തിനായി ഏറ്റവും മികച്ച ടീമിനെ നൽകാനുള്ള ശ്രമത്തിലാണ് ഞങ്ങൾ-ലപ്പോർട്ട പറഞ്ഞു.

2013ലാണ് ലാ ലി​ഗ ക്ലബ്ബുകളുടെ സാമ്പത്തിക അച്ചടക്കം നടപ്പാക്കാനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കിയത്. ഇതനുസരിച്ച് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ക്ലബ്ബിനും കളിക്കാർക്കും കോച്ചിനും സപ്പോർട്ട് സ്റ്റാഫിനുമായി ഒരു സീസണിൽ ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഓരോ സീസണിലെയും ടീമിന്റെ വരുമാനത്തിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും.

കൊവിഡ് മൂലം വരുമാനത്തിൽ 125 മില്യൺ യൂറോയുടെ കുറവുണ്ടായിട്ടും കഴി‍ഞ്ഞ സീസണിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സലോണ. 2019-2020 സീസണിൽ ബാഴ്സക്ക് ചെലവാക്കാവുന്ന പരമാവധി തുക 1.47 ബില്യൺ യൂറോ ആയിരുന്നു.

എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ടിക്കറ്റ് വരുമാനം പൂർണമായും നിലച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇതോടെ കഴിഞ്ഞ സീസണിൽ 733 മില്യൺ യൂറോ ചെലവാക്കാൻ മാത്രമായിരുന്നു ലാ ലി​ഗ അധികൃതർ  ബാഴ്സക്ക് അനുമതി നൽകിയത്.

Follow Us:
Download App:
  • android
  • ios