മിലാന്‍: സീരി എയില്‍ മത്സരത്തിനിടെ ലിച്ചെ താരം ജൂലിയോ ഡൊണാറ്റിയെ കടിച്ചതിന് ലാസിയോയുടെ പ്രതിരോധക്കാരന്‍ പാട്രിക്ക് വിലക്ക്. നാല് മത്സരങ്ങളില്‍ നിന്നാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.  മുമ്പ് ഉറുഗ്വെ താരം ലൂയിസ് സുവാരസ് കടിയില്‍ കുപ്രസിദ്ധനായിരുന്നു. സുവാരസിനെ ഓര്‍മിപ്പിക്കും വിധമാണ് സംഭവം അരങ്ങേറിയത്. 

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ അവസാനങ്ങിളാണ് ലാസിയോക്ക് അപമാനകരമായ സംഭവം നടന്നത്. 93ാം മിനിറ്റില്‍ ലാസിയോ താരങ്ങള്‍ ഒരു ഫ്രീകിക്കിനെ നേരിടാനുള്ള തയാറെടുപ്പിലായിരുന്നു. സഹതാരങ്ങളെ ഒന്നിപ്പിക്കാന്‍ ഡൊണാട്ടി കൈ ഉയര്‍ത്തിയപ്പോഴാണു പാട്രിക്ക് പിന്നില്‍നിന്നു കടിച്ചത്. വാര്‍ വഴി സംഭവം പരിശോധിച്ച റഫറി പാട്രികിനെ നേരെ ചുവപ്പ് കാര്‍ഡ് നല്‍കി കളത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. വീഡിയോ കാണാം...

കൊറോണക്കാലത്ത് പാട്രിക്കിന്റെ പ്രവൃത്തി ക്ഷമിക്കാന്‍ കഴിയാത്തതാണെന്നു സംഘാടക സമിതി വിലയിരുത്തി. വിലക്ക് കൂടാതെ 10,000 യൂറോയും പാട്രിക്ക് പിഴ ശിക്ഷയായി നല്‍കണം. പത്തു പേരായി ചുരുങ്ങിയ ലാസിയോ 2-1 നു മത്സരം തോറ്റു.

സുവാരസ് മൂന്ന് തവണ എതിര്‍താരത്തെ കടിച്ചതിന് ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇറ്റലിയുടെ ഡിഫന്‍ഡര്‍ ജോര്‍ജിയോ കെല്ലിനി, ലിവര്‍പൂളിനായി കളിക്കുമ്പോള്‍ ചെല്‍സിയുടെ ഇവാനോവിച്ച്, അയാക്‌സിനായി കളിക്കുമ്പോള്‍ പിഎസ്‌വി താരം ബെക്കല്‍ എന്നിവരെയാണ് സുവാരസ് കടിച്ചത്. മൂന്ന് തവണയുമായി ആകെ 24 മത്സരങ്ങളില്‍ സുവാരസിന് മുമ്പ് വിലക്ക് ലഭിച്ചിരുന്നു.