തൊട്ടുമുൻപത്തെ നോക്കൗട്ട് മത്സരങ്ങളിൽ കനത്ത പരീക്ഷണങ്ങൾ അതിജീവിച്ചാണ് ഇരുടീമുകളും പ്രീ-ക്വാർട്ടറിലേക്ക് എത്തുന്നത്. കാബോ വെർദെയുടെ അപ്രതീക്ഷിത പോരാട്ട വീര്യത്തിന് മുന്നിൽ അർജന്‍റീന പതറിയിരുന്നു.

അറ്റ്‌ലാന്‍റ: ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനെ നേരിടും. അറ്റ്‌ലാന്‍റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് കിക്കോഫാകുക. ടിവിയില്‍ യുണൈറ്റ്8 സ്പോര്‍സ് നെറ്റ്‌വർക്കിലും ലൈവ് സ്ട്രീമിംഗില്‍ സീ ഫൈവിലും മത്സരം തത്സമയം കാണാനാകും. ലിയോണൽ മെസിയും മുഹമ്മദ് സലായും അന്താരാഷ്ട്ര വേദിയിൽ ആദ്യമായി നേർക്കുനേർ വരുമ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് കടുത്തൊരു പോരാട്ടത്തിനാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തങ്ങളുടെ തൊട്ടുമുൻപത്തെ നോക്കൗട്ട് മത്സരങ്ങളിൽ കനത്ത പരീക്ഷണങ്ങൾ അതിജീവിച്ചാണ് ഇരുടീമുകളും പ്രീ-ക്വാർട്ടറിലേക്ക് എത്തുന്നത്. കാബോ വെർദെയുടെ അപ്രതീക്ഷിത പോരാട്ട വീര്യത്തിന് മുന്നിൽ അർജന്‍റീന പതറിയിരുന്നു. എക്സ്ട്രാ ടൈം വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് (3-2) സ്കലോണിയുടെ സംഘം രക്ഷപ്പെട്ടത്. ഈജിപ്താകട്ടെ ഓസ്ട്രേലിയയെ എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

ലിയോണൽ മെസി എന്ന ഒരൊറ്റ അച്ചുതണ്ടിലാണ് നിലവിൽ അർജന്‍റീനയുടെ കളി കറങ്ങുന്നത്. ടൂർണമെന്‍റിൽ ഇതുവരെ 7 ഗോളുകളുമായി ടോപ്പ് സ്കോറർ പദവിയിൽ ഫോമിന്‍റെ പരകോടിയിലാണ് ഈ ഇതിഹാസം. കാലിൽ പന്തെത്തിയാൽ എതിരാളികളുടെ നെഞ്ചിടിപ്പേറ്റുന്ന മെസിയെ കൃത്യമായി പൂട്ടാൻ ഈജിപ്തിന് കഴിഞ്ഞില്ലെങ്കിൽ കളി അവിടെത്തീരും.

എന്നാൽ കാബോ വെർദെയ്ക്കെതിരായ മത്സരം അർജന്‍റീനയുടെ പ്രതിരോധ വിടവുകൾ തുറന്നുകാട്ടിയിരുന്നു. 'മെസിയില്ലെങ്കിൽ ഈ ടീം എങ്ങനെ?' എന്ന വലിയൊരു ചോദ്യവും ആ മത്സരം അവശേഷിപ്പിച്ചു. ക്വാർട്ടർ ഫൈനൽ ടിക്കറ്റിനായി സ്കലോണിക്ക് ഈ പ്രതിരോധ പിഴവുകൾക്ക് ഇന്ന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

ആദ്യമായി ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടം കാണുന്ന ഈജിപ്ത് അവരുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരത്തിനാണ് ഇന്ന് ബൂട്ട് കെട്ടുന്നത്. ഞങ്ങൾ മെസിയെക്കുറിച്ച് ചിന്തിച്ച് തലപുകയ്ക്കുന്നില്ല, ഞങ്ങൾക്ക് മുഹമ്മദ് സലായുണ്ട് എന്നാണ് ഈജിപ്ത് ക്യാമ്പിന്‍റെയും പരിശീലകൻ ഹൊസാം ഹസന്‍റെയും ആത്മവിശ്വാസം. കരുത്തുറ്റ മെയ്ക്കരുത്ത് കൊണ്ട് അർജന്റീനയെ പൂട്ടുക, ഒപ്പം സൂപ്പർ താരം മുഹമ്മദ് സലാ നയിക്കുന്ന കൗണ്ടർ അറ്റാക്കുകളിലൂടെ ഗോളടിക്കുക എന്നതാകും ആഫ്രിക്കൻ കരുത്തരുടെ പ്രധാന തന്ത്രം.

ലോകവേദിയിലെ പരിചയക്കുറവും ഫോമിന്‍റെ പരകോടിയിലുള്ള മെസി ഉയര്‍ത്തുന്ന വെല്ലുവിളിയും മുഹമ്മദ് സലായുടെ ഈജിപ്ത് എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ കളിയുടെ വിധി. അർജന്‍റീനയ്ക്ക് ക്വാർട്ടറിലേക്ക് കടക്കാൻ ഈജിപ്ഷ്യൻ പ്രതിരോധ കോട്ട പൊളിക്കുക എളുപ്പമാകില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക