Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ഫുട്‌ബോളിലെ ലെവ് യാഷീന്‍, നാഗ്ജിയിലെ ഹിഗ്വിറ്റ; ഇതിഹാസ ഗോള്‍ കീപ്പര്‍ ബ്രഹ്മാനന്ദ് കോഴിക്കോട്ട്

സാംബിയക്കാര്‍ക്ക് പുലിയാണെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ബ്രഹ്മാനന്ദ് ഇതിഹാസ ഗോള്‍ക്കീപ്പര്‍ ലെവ് യാഷീനെ പോലെ. മികവും മെയ്‌വഴക്കവും മെയ്ക്കരുത്തുമുള്ള പ്രതിഭ. ഇങ്ങ് തെക്കേ അറ്റത്ത് കേരളത്തിലെത്തിയാല്‍ നാഗ്ജിയില്‍ ഹിഗ്വിറ്റയുടെ പരിവേഷമായിരുന്നു സാല്‍ഗോക്കര്‍ ഗോവയുടെ ഈ കാവല്‍ ഭടന്.

legendary goal keeper brahmanand reached in calicut
Author
Thiruvananthapuram, First Published May 9, 2022, 4:05 PM IST

'ഞങ്ങള്‍ പാസ്‌പോര്‍ട്ട് തരാം ഈ പുലിയെ സാംബിയക്ക് വേണം'. 1978ല്‍ സാംബിയന്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് നല്‍കിയ സ്വീകരണത്തിനിടെ സാംബിയന്‍ ആരാധകര്‍ ബ്രഹ്മാനന്ദനായി നടത്തിയ അപേക്ഷയാണിത്. സ്വീകരണം ഉദ്ഘാടനം ചെയ്ത സാംബിയയിലെ ലുക്കാസ മേയര്‍ ബ്രഹ്മാനന്ദിനെ ലപ്പേര്‍ഡ് എന്ന് അഭിസംബോധന ചെയ്തപ്പോഴായിരുന്നു ആരാധകരുടെ പ്രതികരണം.

സാംബിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം മൂന്ന് മത്സരങ്ങള്‍ കളിച്ചു. അതിലെല്ലാം താരം ബ്രഹ്മാനന്ദായിരുന്നു. ബ്രഹ്മാനന്ദിന്റെ പ്രകടനം ആരാധകരുടെ മനസില്‍ അന്നേ സേവായതാണ്. സാംബിയക്കാര്‍ക്ക് പുലിയാണെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ബ്രഹ്മാനന്ദ് ഇതിഹാസ ഗോള്‍ക്കീപ്പര്‍ ലെവ് യാഷീനെ പോലെ. മികവും മെയ്‌വഴക്കവും മെയ്ക്കരുത്തുമുള്ള പ്രതിഭ. ഇങ്ങ് തെക്കേ അറ്റത്ത് കേരളത്തിലെത്തിയാല്‍ നാഗ്ജിയില്‍ ഹിഗ്വിറ്റയുടെ പരിവേഷമായിരുന്നു സാല്‍ഗോക്കര്‍ ഗോവയുടെ ഈ കാവല്‍ ഭടന്.

ഹിഗ്വിറ്റയെ പോലെ സ്‌കോര്‍പിയോണ്‍ കിക്കിനൊന്നും മുതിര്‍ന്നിട്ടില്ലെങ്കിലും മെയ്‌വഴക്കത്തിലൂടെ നടത്തിയ സൂപ്പര്‍ സേവുകള്‍ കൊണ്ട് ബ്രഹ്മാനന്ദ് കാണികളെ വിസ്മയിപ്പിച്ചിരുന്നു. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലായിരുന്നു ബ്രഹ്മാനന്ദ്. പ്രായമാവും തോറും കൂടുതല്‍ പക്വതയും ഫോമും വീണ്ടെടുത്തു അദ്ദേഹം. പരിക്കേറ്റ് കുറച്ചു നാള്‍ കളത്തില്‍ നിന്ന് മാറിന്നു. തിരിച്ചെത്തിയത് പൂര്‍വ്വാധികം ഫോമില്‍. ആ ഇടവേളക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളെല്ലാം.

legendary goal keeper brahmanand reached in calicut 

ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കാലം കളിച്ച അപൂര്‍വ്വം കളിക്കാരില്‍ ഒരാളായിരുന്നു ബ്രഹ്മാനന്ദ്.  1972ല്‍ മാമന്‍മാപ്പിള ട്രോഫിക്കായി പനവേല്‍ ഗോവയുടെ ജേഴ്‌സിയണിഞ്ഞാണ് ബ്രഹ്മാനന്ദ് ആദ്യമായി കേരളത്തിലെത്തുന്നത്. പ്രീമിയര്‍ ടയേഴ്‌സുമായുള്ള കളി കൈവിട്ടെങ്കിലും നീണ്ടു മെലിഞ്ഞ  ചെറുപ്പക്കാരനായ  ബ്രഹ്മാനന്ദ് ശ്രദ്ധിക്കപ്പെട്ടു. ത്രസിപ്പിക്കുന്ന സേവുകളിലൂടെ അദ്ദേഹം കളിയാരാധകരുടെ മനസിലുടക്കി. 

പിന്നീട് ഇന്ത്യന്‍ ടീമിലെത്തിയതോടെ രാജ്യത്തെ അറിയപ്പെടുന്ന ഫുട്‌ബോളര്‍. പ്രസിഡന്‍സ് കപ്പ്, കിങ്‌സ് കപ്പ് തുടങ്ങിയവയിലും രണ്ട് ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. കാല്‍നൂറ്റാണ്ട് ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞു നിന്ന ചുരുക്കം ചില ഗോള്‍ക്കീപ്പര്‍മാരില്‍ പ്രമുഖന്‍. ആന്റിസിപ്പേഷന്‍ ആന്റ് എബിലിറ്റി, ജാഗ്രതയും കഴിവും... അതായിരുന്നു കളിക്കളത്തിലെ ബ്രഹ്മാനന്ദ്. പന്ത് പിടിച്ചെടുക്കുന്നതും ഞൊടിയിടയില്‍ അത് സഹകളിക്കാര്‍ക്ക് എറിഞ്ഞു കൊടുക്കുന്നതും ബ്രഹ്മാനന്ദ് സ്‌റ്റൈല്‍. 

എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും സ്ഥിരമായി നാഗ്ജിക്കെത്തുന്ന സാല്‍ഗോക്കര്‍ ഗോവയുടെ ഗോള്‍വല കാത്തിരുന്നത് ബ്രഹ്മാനന്ദാണ്. നിര്‍ണായക മത്സരങ്ങളില്‍ പോലും പോസ്റ്റിലേക്കുള്ള ഉശിരന്‍ ഷോട്ടുകള്‍ ഒറ്റ കൈകൊണ്ട് പിടിച്ചെടുത്ത് കാണികളെ പലതവണ വിയ്മയിപ്പിച്ച ഗോളി. ബ്രഹാമാനന്ദ് എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും ആരാധകരുടെ മനസിലോടിയെത്തുന്നതും അദ്ദേഹത്തിന്റെ ഇത്തരം പ്രകടനങ്ങളാണ്.

ലോക ഫുട്‌ബോളില്‍ ബാറിന് കീഴില്‍ കൊളംബിയന്‍ ഗോളി ഹിഗ്വിറ്റ വിസ്മയം തീര്‍ക്കുന്നതിന് എത്രയോ മുന്‍പ്  ബ്രഹ്മാനന്ദ്  മികച്ച സേവുകളിലൂടെ കാണികളെ അത്ഭുതപ്പെടുത്തിയിരുന്നു. മലബാറില്‍ ഏറെ ആരാധകരുള്ള താരമാണ് ബ്രഹ്മാനന്ദ്. കോഴിക്കോട് സ്ഥാപിക്കുന്ന അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചൊവ്വാഴ്ച ബ്രഹ്മാനന്ദ് തന്നെ ഏറെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നഗരത്തിലേക്ക് ഒരിക്കല്‍ക്കൂടിയെത്തുന്നത്.

Follow Us:
Download App:
  • android
  • ios