ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി. ബേണ്‍മൗത്തുമായുള്ള മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ തകര്‍ന്നത്. ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു ഈ വമ്പന്‍ തോല്‍വി. മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആഴ്‌സനലിനെ മറികടന്നു. ആസ്റ്റണ്‍ വില്ല എതിരില്ലാത്ത രണ്ട് ഗോളിന് ക്രിസ്റ്റല്‍ പാലസിനേയും വോള്‍വ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് എവര്‍ട്ടണേയും തോല്‍പ്പിച്ചു.

ജാമി വാര്‍ഡി 23ാം മിനിറ്റില്‍ ലെസ്റ്ററിനെ മുന്നിലെത്തിച്ചെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ഡൊമിനിക് സോളങ്കെയുടെ ഇരട്ട ഗോളുകളും ജൂനിയര്‍ സ്റ്റാനിസ്ലാസിന്റെ ഒരു ഗോളും ബേണ്‍മൗത്തിന്റെ രക്ഷയായി. ഒരു ഗോള്‍ ലെസ്റ്റര്‍ താരം ജോണി ഇവാന്‍സിന്റെ ദാനമായിരുന്നു. 

ടോട്ടന്‍ഹാമിനെതിരെ ലീഡ് നേടിയ ശേഷമാണ് ആഴ്‌സനല്‍ തോല്‍വി സമ്മതിച്ചത്. 16ാം മിനിറ്റില്‍ അലക്‌സാന്ദ്രേ ലക്കസാറ്റയിലൂടെ ആഴ്‌സനല്‍ മുന്നിലെത്തി. എന്നാല്‍ മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം സോണ്‍ ഹ്യൂഹ് മിന്‍ ടോട്ടന്‍ഹാമിനെ ഒപ്പമെത്തിച്ചു. 81ാം മിനിറ്റില്‍ ടോബി ആള്‍ഡര്‍വീള്‍ഡിന്റെ വകയായിരുന്നു വിജയഗോള്‍.

എവര്‍ട്ടണെതിരെ റൗള്‍ ജിമിനെസ്, ലിയാന്‍ഡര്‍ ഡെന്‍ഡോണ്‍ക്കര്‍, ഡിയോഗോ ജോട്ട എന്നിവരുടെ ഗോളുകളാണ് വോള്‍വ്‌സിന് ജയമൊരുക്കിയത്. ക്രിസ്റ്റല്‍ പാലസിനെതിരെ  ട്രസഗ്വെയുടെ ഇരട്ട ഗോള്‍ ആസ്റ്റണ്‍ വില്ലയ്ക്ക് ജയം സമ്മാനിച്ചു. തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ആസ്റ്റണ്‍ വില്ലയ്ക്ക് ഈ ജയം ആശ്വാസം നല്‍കും.