ലിസ്ബൺ: അത്ലറ്റിക്കോ മാഡ്രിഡിന്റെ ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ചു. ജർമ്മൻ ക്ലബ് ലെപ്സിഗുമായുള്ള ക്വാർട്ടറിൽ 2-1ന് പരാജയപ്പെട്ടാണ് ഡിയഗോ സിമിയോണിയും സംഘവും മടങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ ലിവർപൂളിനെ തോൽപ്പിച്ചെത്തിയ അത്ലറ്റിക്കോയ്ക്ക് ലെപ്സിഗിന്റെ യുവ കരുത്തിന് മുന്നിൽ പിഴച്ചു. ജർമൻ ക്ലബിന്റെ ചരിത്രത്തിൽ ആദ്യ ചാംപ്യൻസ് ലീഗ് സെമിയാണിത്. 

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 51-ാം മിനിറ്റിൽ മത്സരത്തിൽ ആദ്യമായി വല കുലുങ്ങി. ഡാനി ഒൽമോയുടെ വകയായിരുന്നു ഗോൾ. മാഴ്സൽ സബിസ്റ്ററുടെ ക്രോസിൽ തല വച്ചാണ് ഒൽമോ വല കുലുത്തിയത്. പിന്നിലായതോടെ സിമിയോണി ശൈലി മാറ്റി.  ജാവോ ഫിലിക്സ് പകരക്കാരുടെ ബെഞ്ചിൽ നിന്ന് കളത്തിലേക്ക്. പോർച്ചുഗീസ് യുവ താരത്തിന്റെ കാലിൽ നിന്ന് ഗോളും പിറന്നു. 71-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഫെലിക്സ് ലക്ഷ്യത്തിലെത്തിച്ചു.

മിനിറ്റ് 88 ആയപ്പോൾ ലെപ്സിഗ് ലീഡുയർത്തി. സബ്ബായി ഇറങ്ങിയ അമേരിക്കൻ താരം ടെയ്ലർ ആഡംസ് ലെപ്സിഗിന് ലീഡ് സമ്മാനിച്ചു. ആഡംസിന്റെ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ട് അത്കറ്റിക്കോ ഡിഫൻസിന്റെ കാലിൽ തട്ടി ദിശ മാറി നേരെ വലയിലേക്ക്. നാളെ പുലർച്ചെ നടക്കുന്ന ക്വാര്‍ട്ടറില്‍ ജർമ്മൻ ചാംപ്യന്മാരായ ബയേൺ മ്യൂനിച്ച് സ്പാനിഷ് ക്ലബ് ബാഴ്സലോണയെ നേരിടും. മാഞ്ചസ്റ്റർ സിറ്റി - ലിയോൺ മത്സരം മറ്റന്നാളാണ്.

സതാംപ്‌ടണ്‍ ടെസ്റ്റ്: ഇംഗ്ലീഷ് പേസര്‍മാര്‍ അരങ്ങുവാഴുന്നു; പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച