Asianet News MalayalamAsianet News Malayalam

ആവേശം, ഉന്മാദം! നീലക്കടലായി ഒരു രാജ്യം, ആറാടിക്കാൻ അവരെത്തിക്കഴിഞ്ഞു; പ്രിയ താരങ്ങളെ നെഞ്ചേറ്റി പിറന്ന നാട്

എസീസ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ തന്നെ വൻ ജനക്കൂട്ടം ടീമിനെ വളഞ്ഞു. വിജയ പരേഡിനായി ജനങ്ങൾ അക്ഷമരായി കാത്തിരിക്കുകയാണ്

Lionel Messi and Argentina return home thousands of fans received
Author
First Published Dec 20, 2022, 1:31 PM IST

ബ്യൂണസ് ഐറിസ്: ലോകകപ്പ് കിരീടവുമായി ലിയോണൽ മെസിയും സംഘവും തിരികെ നാട്ടിലെത്തി. വിശ്വ മാമാങ്കത്തിൽ വിജയം നേടിയയെത്തിയ വീരന്മാരെ കാണാൻ ഒരു രാജ്യമാകെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു. ലിയോണൽ മെസിക്കും സംഘത്തിനും വൻ വരവേൽപ്പാണ് അർജന്റീന ഒന്നടങ്കം ഒരുക്കിയത്. ദോഹയിൽ നിന്ന് റോമിലെത്തിയ ശേഷമാണ് അർജന്റൈൻ ടീം ബ്യൂണസ് ഐറിസിലേക്ക് പറന്നത്.

എസീസ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ തന്നെ വൻ ജനക്കൂട്ടം ടീമിനെ വളഞ്ഞു. വിജയ പരേഡിനായി ജനങ്ങൾ അക്ഷമരായി കാത്തിരിക്കുകയാണ്. ജയപരാജയങ്ങൾ മാറിമറിഞ്ഞ ഉജ്ജ്വലമായ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നപ്പോൾ തന്നെ അർജന്റീനയിൽ ആഘോഷം തുടങ്ങിയിരുന്നു. ലിയോണൽ മെസിയുടെയും മറ്റ് താരങ്ങളുടെയും പോസ്റ്ററുകളും ബാനറുകളും ഉയർത്തി  ലക്ഷക്കണക്കിനാളുകളാണ് ഒത്തുകൂടിയത്.

മെസിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍.ബ്യൂണസ് ഐറിസിലെ പ്രസിദ്ധമായ ഒബലിക്‌സ് സ്തൂപത്തിന് സമീപം എതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ട് പാടിയും ചാന്റുകൾ മുഴക്കിയും നൃത്തം വച്ചും അവർ ലോകകപ്പ് നേട്ടം ആഘോഷമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. 

ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അർജന്റീന പിന്നീട് വൻ കുതിപ്പാണ് നടത്തിയത്. മെക്സിക്കോയെയും പോളണ്ടിനെയും തകർത്ത് ​ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെ ടീം പ്രീ ക്വാർട്ടറിൽ എത്തി. ഓസ്ട്രേലിയൻ വെല്ലുവിളി പ്രീ ക്വാർട്ടറിലും നെതർലാൻഡ്സ് ഭീഷണി ക്വാർട്ടറിലും കടന്നാണ് ടീം സെമിയിലേക്ക് കുതിച്ചത്. അവസാന നാലിൽ ക്രൊയേഷ്യയെ തകർത്ത മെസിയും കൂട്ടരും കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെയാണ് തകർത്തത്. 

റഫറിക്ക് പിഴച്ചോ? മെസിയുടെ രണ്ടാം ​ഗോളിനെ ചൊല്ലിയുള്ള തർക്കങ്ങൾ തീരുന്നില്ല, വിവാദം കത്തുന്നു

Follow Us:
Download App:
  • android
  • ios