അര്‍ജന്‍റീന ടീമിന്‍റെ മത്സരം നവംബറിലെ വിൻഡോയിൽ നടത്താൻ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മാര്‍ച്ചിൽ  മത്സരം നടത്തുന്നതിനായി അനുമതി തേടിയിട്ടുണ്ടെന്നും ആന്‍റോ അഗസ്റ്റിൻ പറഞ്ഞു.

കൊച്ചി: അര്‍ജന്‍റീന ടീമിന്‍റെ സൗഹൃദ മത്സരം നവംബറിലെ വിൻഡോയിൽ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നതെന്നും എന്നാൽ, ഫിഫ അനുമതി ലഭിച്ചില്ലെന്നും സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അര്‍ജന്‍റീന ടീമിന് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും മാര്‍ച്ച് മാസത്തെ ഫിഫ വിന്‍ഡോയിൽ മത്സരം നടത്തുന്നതിനായി അനുമതി തേടിയിട്ടുണ്ടെന്നും ആന്‍റോ അഗസ്റ്റിൻ പറഞ്ഞു. ഫിഫയാണ് മത്സരം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്ന് 500 വട്ടം പറഞ്ഞതാണ്. ഫിഫ അനുമതിയില്ലാതെ ഒന്നും നടക്കില്ല. ഫിഫ അംഗീകാരത്തിനു നേരത്തെ അനുമതി തേടിയിരുന്നു. എന്നാൽ, നംവംബറിലെ മത്സരത്തിന് ഫിഫ അനുമതി നൽകിയിട്ടില്ല.

നവംബറിൽ കളിച്ചില്ലെങ്കിൽ പിന്നെ ടീം വരണ്ടേന്ന് മുമ്പ് പറഞ്ഞിരുന്നില്ലെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താൻ അല്ലെ അന്ന് അത് പറഞ്ഞതെന്നും തനിക്ക് തീരുമാനം മാറ്റാലോ എന്നുമായിരുന്നു ആന്‍റോ അഗസ്റ്റിന്‍റെ മറുപടി. നവംബറിൽ ഇല്ലെങ്കിൽ ഡിസംബറിൽ ഇന്ത്യയിൽ ഒരു നഗരത്തിലും അര്‍ജന്‍റീന വരില്ലെന്ന് നേരത്തെ പറഞ്ഞില്ലേയെന്ന് ചോദിച്ചപ്പോള്‍ അന്ന് കരാര്‍ പ്രകാരമുള്ളത് നടക്കില്ലെന്ന് കരുതി പറഞ്ഞതാണെന്നും ഇന്ന് ടീം താനുമായി നന്നായി സഹകരിക്കുന്നുണ്ടെന്നും അതുകൊണ്ട് അന്ന് മാര്‍ച്ച് മാസത്തിൽ കളിക്കേണ്ടെന്ന് പറഞ്ഞ തീരുമാനം ഇപ്പോള്‍ മാറ്റിയെന്നും ആന്‍റോ അഗസ്റ്റിൻ പറഞ്ഞു. 

നമ്മൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലിത്. ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. സർക്കാർ അത് കണ്ടിട്ടുണ്ട്. നിങ്ങൾ ചിലർ മാത്രമാണ് അതൊന്നും കാണാത്തത്. അര്‍ജന്‍റീനയുടെ മത്സരത്തെ ആത്മാർത്ഥതയോടെ കാണുന്ന ആളാണ് താൻ. കേരളത്തിൽ മെസ്സിയെ കൊണ്ടുവരിക മാത്രമല്ല ലക്ഷ്യം. ഫിഫ അംഗീകാരത്തോടെ ഒരു രാജ്യാന്തര സൗഹൃദ മത്സരം നടത്തുകയാണ് ലക്ഷ്യം. അത് നമ്മുട ഫുട്ബോളിന്‍റെ വളർച്ച കൂടി ലക്ഷ്യമിട്ടാണ്. ഫിഫ നിലവാരത്തിലുള്ള രാജ്യാന്തര സ്റ്റേഡിയം ആക്കാനാണ് ലക്ഷ്യം. മാര്‍ച്ച് മാസത്തെ വിൻഡോയിൽ മത്സരിക്കുന്നതിന് ഫിഫയുടെ അനുമതിയാണ് ഇനി വേണ്ടത്. സ്പോർട്സ് കേരള ഫൗണ്ടേഷൻ ആണ് കലൂർ സ്റ്റേഡിയത്തിന്‍റെ നിർമ്മാണ പ്രവർത്തികൾക്ക് അനുമതി നൽകിയതെന്നും നിർമാണ ജോലികൾ പൂർത്തിയാക്കാൻ ഇനിയും സമയം ഉണ്ടല്ലോയെന്നും ആന്‍റോ അഗസ്റ്റിൻ പറഞ്ഞു.

YouTube video player