Asianet News MalayalamAsianet News Malayalam

മുപ്പത്തിനാലിന്‍റെ ചുറുചുറുക്കില്‍ മെസി, ഇന്ന് പിറന്നാള്‍; മധുരക്കോപ്പ കാത്ത് ആരാധകര്‍

മെസിക്കരുത്തില്‍ ലാറ്റിനമേരിക്കന്‍ കിരീടം അര്‍ജന്‍റീന ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

Lionel Messi celebrating 34th birthday during Copa America 2021
Author
Rio de Janeiro, First Published Jun 24, 2021, 8:54 AM IST

റിയോ: സൂപ്പര്‍താരം ലിയോണൽ മെസിക്ക് ഇന്ന് മുപ്പത്തിനാലാം പിറന്നാൾ. കോപ്പ അമേരിക്കയിൽ അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറി നിൽക്കുമ്പോഴാണ് മെസിയുടെ പിറന്നാളാഘോഷം വിരുന്നെത്തുന്നത്. മെസിക്കരുത്തില്‍ ലാറ്റിനമേരിക്കന്‍ കിരീടം അര്‍ജന്‍റീന ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഫുട്ബോളിന്‍റെ ഏത് തലമുറയെ വച്ചളന്നാലും മെസിക്ക് അവിടെയൊരു ഇടമുണ്ട്. പ്രതിഭ കൊണ്ട് ഇതിഹാസങ്ങളെ അമ്പരപ്പിച്ച മാന്ത്രികക്കാലുകളാണ് മെസിയുടേത്. അർജന്‍റീനയിൽ നിന്ന് ബാഴ്‌സലോണയിലേക്ക് പറിച്ച് നട്ട ബാല്യം മുതൽ കളിയിൽ കവിത വിരിഞ്ഞ രണ്ട് പതിറ്റാണ്ടുകൾ. ഗോളടിക്കാനും ഗോളടിപ്പിക്കാനും കളിമെനയാനും ഡ്രിബിൾ ചെയ്‌ത് മുന്നേറാനും ഓരോ താരങ്ങൾക്കും പരിധിയുണ്ടാകാം. എന്നാല്‍ അളവില്ലാതെ ഇതെല്ലാം ചേർന്നാൽ മെസിയാകും.

Lionel Messi celebrating 34th birthday during Copa America 2021

സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയാണ് കരിയറില്‍ മെസിക്കെല്ലാം. വളരാൻ കൂടെ നിന്ന കൈത്താങ്ങാണ് ബാഴ്‌സ. മെസി ഗോളടിച്ച് കൂട്ടിയതും കിരീടങ്ങൾ വാരിപ്പുണർന്നതും പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയതും ബാഴ്‌സ ജേഴ്‌സിയിലാണ്. ബാഴ്‌സയിൽ മെസി നേടാത്ത കിരീടമില്ല. എന്നാൽ അർജന്‍റീനയിൽ നിരാശയാണ് ബാക്കി. ഒളിംപിക് മെഡലും യൂത്ത് ലോക കിരീടവുമൊക്കെ മേമ്പൊടിക്ക് പറയുമെങ്കിലും നീലക്കുപ്പായത്തിൽ ലോകകപ്പിലും കോപ്പയിലും ഇന്നോളം തൊടാനായിട്ടില്ല. 2014 ലോകകപ്പിൽ ഫൈനലിലെത്തിച്ചതും മൂന്ന് തവണ കോപ്പ ഫൈനൽ കളിച്ചതും മാത്രമാണ് ആശ്വാസക്കണക്ക്.

ക്ലബിനും രാജ്യത്തിനുമായി 750ലേറെ ഗോളുകള്‍ മെസി അടിച്ചുകൂട്ടിയിട്ടുണ്ട്. ആറ് ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ മെസിയുടെ മികവ് തെളിയിക്കുന്നു. അർജന്‍റീനന്‍ സീനിയർ ടീമിനൊപ്പം ഒരു കിരീടമെന്ന സ്വപ്‌നത്തിന് തൊട്ടുമുന്നിലാണ് മെസിയിപ്പോൾ. രണ്ടരപ്പതിറ്റാണ്ടിന്‍റെ സ്വപ്‌നം പിറന്നാൾ സമ്മാനമായി മെസി സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരെല്ലാം.  

ഫ്രാന്‍സിന്‍റെ നെഞ്ചിലേക്ക് ഇരട്ട ഗോള്‍; അലി ദേയിയുടെ ഗോളടി റെക്കോര്‍ഡിനൊപ്പം റൊണാള്‍ഡോ

ഇംഗ്ലണ്ട്- ജര്‍മനി, പോര്‍ച്ചുഗല്‍- ബെല്‍ജിയം; യൂറോ പ്രീ ക്വാര്‍ട്ടറില്‍ തീപ്പാറും

കൊളംബിയക്കെതിരെ വിജയം പിടിച്ചെടുത്ത് ബ്രസീല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


   

Follow Us:
Download App:
  • android
  • ios