ബാഴ്‌സ പ്രസിഡന്‍റ് ലപ്പോര്‍ട്ടയുമായി ഹോര്‍ഗെ മെസി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രമുഖ ഫുട്ബോള്‍ ലേഖകനായ  ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം അറിയിച്ചത്

ബാഴ്‌സലോണ: പിഎസ്‌ജി വിട്ട അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി തന്‍റെ മുന്‍ ക്ലബ് ബാഴ്‌സലോണയോട് അടുക്കുന്നു. മെസിയുടെ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവിന്‍റെ സാധ്യതയെ കുറിച്ച് അദേഹത്തിന്‍റെ പിതാവും ഏജന്‍റുമായ ഹോര്‍ഗെ മെസി നിര്‍ണായക സൂചന നല്‍കി. 'ബാഴ്‌സയിലേക്ക് തിരിച്ചെത്താന്‍ ലിയോക്ക് ആഗ്രഹമുണ്ട്. അത് ഞാനും ആഗ്രഹിക്കുന്നു. ബാഴ്‌സയിലേക്കുള്ള തിരിച്ചുപോക്ക് മുന്നിലുള്ള ഒരു ഓപ്‌ഷനാണ് എന്ന് ഉറപ്പിച്ച് പറയുന്നു' എന്നാണ് ഹോര്‍ഗെയുടെവാക്കുകള്‍. ബാഴ്‌സ പ്രസിഡന്‍റ് ലപ്പോര്‍ട്ടയുമായി ഹോര്‍ഗെ മെസി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രമുഖ ഫുട്ബോള്‍ ലേഖകനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്.

Scroll to load tweet…

ലിയോണല്‍ മെസിക്കായി വലവിരിച്ച് മുന്‍ ക്ലബ് എഫ്‌സി ബാഴ്‌സലോണയ്‌ക്ക് പുറമെ സൗദി ക്ലബ് അൽ ഹിലാലും അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മിയാമിയും ചില പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തുണ്ട്. മെസിക്ക് ബാഴ്‌സയെ ഇനിയും സഹായിക്കാനാവുമെന്ന് കോച്ച് സാവി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. '35 വയസ് ആയെങ്കിലും ലോകകപ്പിലെ മെസിയുടെ മിന്നും പ്രകടനം ലോകം കണ്ടതാണ്. ബാഴ്‌സയിൽ ഏത് പൊസിഷനിലും കളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ല. മെസിയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യുമെന്നും ട്രാന്‍സ്‌ഫര്‍ സംബന്ധിച്ച് അദേഹവുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും' സാവി പറഞ്ഞിരുന്നു. അന്തിമ തീരുമാനം മെസിയുടെ കൈയിലാണെന്നും സാവിയുടെ വാക്കുകളിലുണ്ടായിരുന്നു. 

ലിയോണല്‍ മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ നല്‍കിയ പദ്ധതി ലാ ലിഗ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് താരത്തിന്‍റെ പിതാവ് ബാഴ്‌സ പ്രസിഡന്‍റിനെ കണ്ടത്. മെസിയെ തിരികെ എത്തിക്കുമ്പോഴുള്ള സാമ്പത്തിക പ്രശ്‌നം മറികടക്കാന്‍ താരങ്ങളെ വില്‍ക്കാന്‍ ബാഴ്‌സ നിര്‍ബന്ധിതരായേക്കും. 

Read more: 'ആരെയും ഭയമില്ല, സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ല'; ബ്രിജ് ഭൂഷനെതിരെ പോരാട്ടം തുടരുമെന്ന് വിനേഷ് ഫോഗട്ട്