Asianet News MalayalamAsianet News Malayalam

മെസി ഈ സീനൊക്കെ പണ്ടേ വിട്ടതാ, അതും ചാമ്പ്യന്‍സ് ലീഗില്‍; അഞ്ച് ഗോളടിച്ചിട്ടും എംബാപ്പെയെ ട്രോളി ആരാധകര്‍

എന്നാല്‍ മെസി ഈ സീനൊക്കെ പണ്ടെ വിട്ടതാണെന്നും അതും ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. അത്രക്ക് മിടുക്കുണ്ടെങ്കില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ എംബാപ്പെ അഞ്ച് ഗോളടിച്ച് കാണിക്കട്ടെയെന്നും ആരാധകര്‍ പറയുന്നു.

Lionel Messi did it in UCL fans trolls Kylian Mbappe for his historic 5-goal
Author
First Published Jan 24, 2023, 1:13 PM IST

പാരീസ്: ഫ്രഞ്ച് കപ്പിൽ പേയ്സ് ഡി കാസലിനെതിരെ പിഎസ്‌ജിക്കായി അഞ്ച് ഗോളടിച്ച് എംബാപ്പെ റെക്കോര്‍ഡിട്ടെങ്കിലും സൂപ്പര്‍ താരത്തിന്‍റെ പ്രകടനത്തെ കളിയാക്കി ആരാധകര്‍. ആറാം ഡിവിഷന്‍ ക്ലബ്ബായ പേയ്സ് ഡി കാസലിനെതിരെ എംബാപ്പെ അഞ്ച് ഗോളടിച്ചതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ മത്സരത്തിലായിരുന്നു എംബാപ്പെയുടെ ഗോള്‍വര്‍ഷമെന്നതിനാല്‍ മെസിയില്ലാതിരുന്നിട്ടും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് ചൂണ്ടിക്കാട്ടി എംബാപ്പെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ മെസി ഈ സീനൊക്കെ പണ്ടെ വിട്ടതാണെന്നും അതും ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. അത്രക്ക് മിടുക്കുണ്ടെങ്കില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ എംബാപ്പെ അഞ്ച് ഗോളടിച്ച് കാണിക്കട്ടെയെന്നും ആരാധകര്‍ പറയുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ ലെവര്‍ക്യൂസനെതിരെ ആയിരുന്നു ബാഴ്സക്കായി കളിക്കുമ്പോള്‍ മെസി അഞ്ച് ഗോളടിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ എംബാപ്പെയുടെ ഗോളടിമേളത്തെ കളിയാക്കുന്നത്. രാജ്യാന്തര സൗഹൃദ മത്സരത്തില്‍ എസ്റ്റോണിയക്കെതിരെയും മെസി അഞ്ച് ഗോളടിച്ചിട്ടുണ്ട്.

അഞ്ചടിച്ച് എംബാപ്പെ, റെക്കോര്‍ഡ്; മെസിയില്ലാതെ ഇറങ്ങിയിട്ടും പി എസ് ജിക്ക് വമ്പന്‍ വിജയം

എംബപ്പെ അഞ്ച് ഗോൾ നേടിയ മത്സരത്തില്‍ നെയ്മര്‍, കാര്‍ലോസ് സോളര്‍ എന്നിവരും പി എസ് ജിക്കായി സ്കോര്‍ ചെയ്തിരുന്നു. എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു  പേയ്സ് ഡി കാസലിനെതിരെ പി എസ് ജിയുടെ ജയം. 29-ാം മിനിറ്റില്‍ ഗോളടി തുടങ്ങിയ എംബാപ്പെ ഇടവേളക്ക് മുമ്പ് രണ്ട് ഗോള്‍ കൂടി നേടി ഹാട്രിക്ക് തികച്ചിരുന്നു. 12 മിനിറ്റനിനുള്ളിലായിരുന്നു എംബാപ്പെയുടെ ഹാട്രിക്ക് പിറന്നത്. രണ്ടാം പകുതിയിലായിരുന്നു എംബാപ്പെയുടെ നാലാമത്തെയും അഞ്ചാമത്തെയും ഗോളുകള്‍. പി എസ് ജിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ക്ലബ്ബിനായി അഞ്ച് ഗോളുകള്‍ നേടുന്നത്.

അഞ്ച് ഗോളടിച്ചതോടെ സീസണില്‍ എംബാപ്പെയുടെ ഗോള്‍ നേട്ടം 24 മത്സരങ്ങളില്‍ 25 ആയി. പിഎസ്‌ജി കുപ്പായത്തില്‍ 196 ഗോളുകളായ എംബാപ്പെ ക്ലബ്ബിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ർഡിലേക്ക് ഒരുപടി കൂടി അടുത്തു. 200 ഗോളുകള്‍ നേടിയ എഡിസണ്‍ കവാനിയാണ് പി എസ് ജിയുടെ എക്കാലത്തെയും വലിയ ഗോള്‍ സ്കോറര്‍. ഡിസംബറില്‍ ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടിയശേഷം കളിക്കാനിറങ്ങിയ നാലു കളികളില്‍ ആറു ഗോളുകളാണ് എംബാപ്പെ നേടിയത്

Follow Us:
Download App:
  • android
  • ios