കരിയറിൽ ബാഴ്സലോണയിൽ മാത്രം കളിച്ചിട്ടുള്ള ലിയോണൽ മെസി അപ്രതീക്ഷിതമായാണ് കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ എത്തിയത്

പാരീസ്: പിഎസ്ജിയിലെ(Paris Saint-Germain) ആദ്യ സീസണിൽ നിറം മങ്ങിയെങ്കിലും ലിയോണൽ മെസി(Lionel Messi) ക്ലബിന് നൽകിയത് വൻ സാമ്പത്തിക നേട്ടം. മെസി എത്തിയതോടെ പിഎസ്ജിയുടെ(PSG) പരസ്യവരുമാനം കുത്തനെ ഉയർന്നു.

കരിയറിൽ ബാഴ്സലോണയിൽ മാത്രം കളിച്ചിട്ടുള്ള ലിയോണൽ മെസി അപ്രതീക്ഷിതമായാണ് കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ എത്തിയത്. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു മെസിയുടെ കൂടുമാറ്റത്തിന് കാരണം. സൂപ്പർതാരത്തെ പിഎസ്ജി രണ്ടുകൈയും നീട്ടി സ്വീകരിച്ചു. എന്നാൽ മെസിക്ക് പതിവ് ഫോമിലേക്ക് എത്താനായില്ല. സീസണിൽ 34 കളിയിൽ ആകെ നേടാനായത് 11 ഗോളും 14 അസിസ്റ്റും മാത്രം. എന്നാല്‍ കളിക്കളത്തിൽ നിറംമങ്ങിയെങ്കിലും മെസിയുടെ വരവോടെ പിഎസ്ജിയുടെ വരുമാനത്തിലുണ്ടായത് വൻ വ‍ർധനയാണ്. 

പിഎസ്ജിക്ക് പുതിയതായി കിട്ടത് പത്ത് സ്പോൺസർമാരെ. ഒറ്റയടിക്ക് പരസ്യവരുമാനം കൂടിയത് എട്ടിരട്ടി. പിഎസ്ജിയുടെ ക്രിപ്റ്റോ കറൻസിയുടെ മൂല്യം ഇരട്ടിയായി. പിഎസ്ജിയുടെ ജഴ്സി വിൽപനയും പ്രതീക്ഷകൾ തെറ്റിച്ചു. കഴിഞ്ഞ സീസണിൽ മാത്രം വിറ്റത് പത്തുലക്ഷത്തിലേറെ ജഴ്സികൾ. ഇതിൽ അറുപത് ശതമാനത്തിൽ ഏറെയും മെസിയുടെ മുപ്പതാം നമ്പർ ജഴ്സിയാണ്. മിക്കപ്പോഴും ആവശ്യത്തിന് അനുസരിച്ച് ജഴ്സി ലഭ്യമാക്കാൻ പിഎസ്ജിക്കായില്ല. വരും സീസണിലും മെസി തന്നെയായിരിക്കും പിഎസ്ജിയുടെ പ്രധാന സാമ്പത്തിക ശ്രോതസ് എന്നുറപ്പാണ്. 

അതേസമയം സൂപ്പർതാരം നെയ്മർ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾക്ക് ബ്രസീലിയൻ താരത്തിന്‍റെ മുൻ ഏജന്‍റ് വാഗ്നർ റിബെയ്റോ വിരാമമിട്ടു. പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെയ്മർ പാരീസിൽ എത്തിയതെന്നും ഈ ലക്ഷ്യം സാക്ഷാത്കരിക്കാതെ താരം ടീം വിടില്ലെന്നും റിബെയ്റോ പറഞ്ഞു. 2017ൽ ലോക റെക്കോഡ് ട്രാൻസ്ഫർ തുകയായ 222 ദശലക്ഷം ഡോളർ മുടക്കിയാണ് പിഎസ്ജി നെയ്മറെ ബാഴ്സലോണയിൽ നിന്ന് സ്വന്തമാക്കിയത്. നിലവിൽ 2025 വരെയാണ് നെയ്മറിന് പിഎസ്ജിയുമായി കരാറുള്ളത്. 

ദൗത്യം പൂ‍‍ർത്തിയാക്കാതെ നെയ്മ‍‍ർ പിഎസ്ജി വിടില്ല; കൂടുമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മുന്‍ ഏജന്‍റ്