ബ്യൂണസ് അയേഴ്‌സ് : ലോകകപ്പ് യോഗ്യതയില്‍ സൗത്ത് അമേരിക്കന്‍ മേഖലയില്‍ അര്‍ജന്റീനയ്ക്ക് ജയത്തുടക്കം. ഇക്വഡറിനെ ഒരു ഗോളിന് മറികടന്നാണ് അര്‍ജന്റീന തുടങ്ങിയത്. 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലിയോണല്‍ മെസി ഗോളാക്കി മാറ്റി. മറ്റൊരു മത്സരങ്ങളില്‍ ഉറുഗ്വെ 2-1ന് ചിലിയെ തോല്‍പ്പിച്ചു. പരാഗ്വെ - പെറു മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് മെസി ദേശീയ ടീമില്‍ തിരിച്ചെത്തിയത്. 11 മാസങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണ അമേരിക്കന്‍ ടീമുകള്‍ മത്സരത്തിനിറങ്ങുന്നത്. 

പതിഞ്ഞ തുടക്കമായിരുന്നു അര്‍ജന്റീന - ഇക്വഡര്‍ മത്സരത്തിന്. എന്നാല്‍ 13ാം മിനിറ്റില്‍ ലൂകാസ് ഒകാംമ്പോസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസി ഗോളാക്കി മാറ്റി. താരത്തിന്റെ 71ാം ഇന്റര്‍നാഷണല്‍ ഗോളായിരുന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഒകാംമ്പോസിന് ലഭിച്ച സുവര്‍ണാവസരം ഗോള്‍ കീപ്പര്‍ അലക്‌സാണ്ടര്‍ ഡൊമിന്‍ഗ്വസ് രക്ഷപ്പെടുത്തി. 

ലൂയിസ് സുവാരസ്, മാക്‌സി ഗോമസ് എന്നിവരുടെ ഗോളുകളാണ് ചിലിക്കെതിരെ ഉറുഗ്വെയ്‌ക്കെതിരെ ജയമൊരുക്കിയത്. 39ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സുവാരസ് ഉറുഗ്വെയ്ക്ക ലീഡ് നല്‍കി. രണ്ടാം പകുതിയില്‍ അലക്‌സിസ് സാഞ്ചസ് ചിലിയെ ഒപ്പമെത്തിച്ചു. എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ഗോമസ് ലോംഗ്‌റേഞ്ചര്‍ ഉറുഗ്വെയ്ക്ക് ജയം സമ്മാനിച്ചു.

പരാഗ്വെ- പെറു മത്സരത്തില്‍ എല്ലാ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. പെറുവിനായി ആന്ദ്രേ കാറിലോ ഇരട്ട ഗോള്‍ നേടി. പരാഗ്വെയ്ക്ക് വേണ്ടി എയ്ഞ്ചല്‍ റൊമേറോയാണ് രണ്ട് ഗോളും മടക്കിയത്.

ഇന്ത്യന്‍ സമയം നാളെ രാവിലെ 6 മണിക്ക് നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ ബൊളീവിയയെ നേരിടും. കൊളംബിയ വെനെസ്വേലയെ നേരിടും.