Asianet News MalayalamAsianet News Malayalam

'ആരുവന്നാലും പോയാലും മിശിഹായുടെ തട്ട് താണുതന്നെയിരിക്കും'; പുള്ളാവൂർ പുഴയിൽ തിലകക്കുറിയായി മെസ്സി കട്ടൗട്ട് 

ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായ വിഷയമായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. പുഴയുടെ നടുവിൽ അർജന്റീനൻ സൂപ്പർ സ്റ്റാർ ലിയോണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു.

Lionel Messi Iconic cut out in Pullavoor River remains
Author
First Published Dec 19, 2022, 9:55 AM IST

കേരളത്തിന്റെ ഫുട്ബോൾ ആവേശം എത്രത്തോളമുണ്ടാകുമെന്ന് ചോദിച്ചാൽ കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടിന്റെയത്ര വരുമെന്ന് പറയാം. അത്തരത്തിലായിരുന്നു പുള്ളാവൂർ പുഴയിലെ കട്ടൗട്ട് മാധ്യമങ്ങളിൽ ചർച്ചയായത്.  കേരളത്തിൽ ലോകകപ്പ് ഫുട്ബോൾ ജ്വരത്തിന്റെ തീവ്രത ആരംഭിക്കുന്നത് അർജന്റീനൻ ആരാധകർ പുഴക്ക് ഒത്തനടുവിൽ സ്ഥാപിച്ച മെസി കട്ടൗട്ടോടെയായിരുന്നു. ആദ്യകളിയിൽ സൗദി അറേബ്യയോട് തോറ്റത് നിറം കെടുത്തിയെങ്കിലും ലോകകപ്പ് അവസാനിച്ചപ്പോൾ കപ്പ് നേട്ടത്തോടെ പുള്ളാവൂർ പുഴയിൽ മെസ്സി ചിരിച്ച് നിൽക്കുന്നു. 

ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായ വിഷയമായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. പുഴയുടെ നടുവിൽ അർജന്റീനൻ സൂപ്പർ സ്റ്റാർ ലിയോണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു. അർജന്റീനയുടെ ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. മാധ്യമങ്ങളിൽ മെസ്സിയുടെ കട്ടൗട്ടിനെക്കുറിച്ച് വാർത്ത വന്നതിന് തൊട്ടുപിന്നാലെ മെസ്സിയുടെ കട്ടൗട്ടിനേക്കാൾ ഉയരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ കട്ടൗട്ടും ഉയർന്നു. രാത്രിയും കാണാൻ ലൈറ്റ് സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെയായി പോർച്ചു​ഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും ആരാധകർ സ്ഥാപിച്ചു.  

പുഴയിലെ കട്ടൗട്ടുകൾ വാർത്തയായതോടെ പിന്നാലെ വിവാദവുമെത്തി. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് അഭിഭാഷകൻ ശ്രീജിത് പെരുമന പഞ്ചായത്തിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി. പിന്നീട് ഫിഫ വരെ കട്ടൗട്ടുകൾ ഔദ്യോ​ഗിക സോഷ്യൽമീഡിയ ഹാൻഡിലുകളിൽ ഷെയർ ചെയ്തു. 

ലോകകപ്പ് പുരോ​ഗമിക്കെ ക്രൊയേഷ്യയക്കെതിരെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ തോറ്റ് പുറത്തായതോടെ നെയ്മറുടെ കട്ടൗട്ടിന്റെ പ്രസക്തി നഷ്ടപ്പെട്ടു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോൽവി. നെയ്മറുടെ ​ഗോളിൽ ബ്രസീൽ മുന്നിലെത്തിയെങ്കിലും അവസാന നിമിഷം പെറ്റ്കൊവിച്ചിന്റെ ​ഗോളിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. പിന്നീട് ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിന് തോറ്റ് ബ്രസീൽ പുറത്തായി. ഏറെ പ്രതീക്ഷയോടെ എത്തിയ പോർച്ചു​ഗൽ ആഫ്രിക്കൻ ശക്തികളായ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ​ഗോളിന് തോറ്റ് പുറത്തായതോടെ റൊണാൾഡോയുടെ കട്ടൗട്ടും ചോദ്യചിഹ്നമായി. 

പുള്ളാവൂർ പുഴയിൽ ഉയർത്തിയ കട്ടൗട്ടുകളിൽ തല‌യെടുപ്പോടെ അവശേഷിച്ച മെസി മാത്രമായിരുന്നു. ക്വാർട്ടറിൽ നെതർലൻഡ്സിനെയും സെമിയിൽ ക്രൊയേഷ്യയെയും ഫൈനലിൽ അതിശക്തരായ ഫ്രാൻസിനെയും വീഴ്ത്തിയാണ് മെസ്സി‌യും സംഘവും ലോകകപ്പിൽ ചുംബിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios