ഒരു സ്‌പാനിഷ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ മഹാനായ താരമെന്ന് മെസിയെ പ്രശംസിച്ച പോപ് ഫ്രാന്‍സിസ് അദേഹത്തെ ദൈവമെന്ന് വിളിക്കരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ടു.

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസി ദൈവമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഒരു സ്‌പാനിഷ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ മഹാനായ താരമെന്ന് മെസിയെ പ്രശംസിച്ച പോപ് ഫ്രാന്‍സിസ് അദേഹത്തെ ദൈവമെന്ന് വിളിക്കരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ടു. മെസിയുടെ കളി കാണുന്നത് മഹത്തരമാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. 

എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാള്‍ എന്നറിയപ്പെടുന്ന ലിയോണല്‍ മെസിയെ ദൈവമായി കാണുന്ന ആരാധകരുണ്ട്. ക്ലബ് ഫുട്ബോളില്‍ ബാഴ്‌സലോണയുടെ താരമായ മെസി 675 മത്സരങ്ങളില്‍ 593 ഗോളുകള്‍ നേടിയിട്ടുണ്ട്. അര്‍ജന്‍റീനക്കായി 129 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകളും വലയിലാക്കി. 

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒരു ഫുട്ബോള്‍ ആരാധകന്‍ കൂടിയാണ്. അര്‍ജന്‍റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സാന്‍ ലോറെന്‍സോ ക്ലബിന്‍റെ ആരാധകനാണ്. സാന്‍ ലോറെന്‍സോ താരങ്ങളുമായും മറ്റനേകം ഫുട്ബോള്‍ താരങ്ങളുമായും മാര്‍പ്പാപ്പ മുന്‍പ് കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.