ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണ ആദ്യ നാലില്‍ തിരിച്ചുകയറി. പുലര്‍ച്ചെ അത്‌ലറ്റികോ ബില്‍ബാവോയ്‌ക്കെതിരായ മത്സരത്തില്‍ 3-1ന് ജയിച്ചതോടെയാണ് ബാഴ്‌സ പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കിയത്. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സലോണയ്ക്ക് 31 പോയിന്റാണുള്ളത്. ഇത്രയും 36 പോയിന്റുളള റയല്‍ മാഡ്രിഡ് രണ്ടാമതുണ്ട്. 15 മത്സരങ്ങളില്‍ 38 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.

ലിയോണല്‍ മെസിയുടെ ഇരട്ട ഗോളുകളാണ് ബാഴ്‌സലോണയ്ക്ക് ജയമൊരുക്കിയത്. 38, 62 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. മൂന്നാം മിനിറ്റില്‍ ഇനാക്കി വില്യംസിന്‍റെ ഗോളിലൂടെ ബില്‍ബാവോയാണ് മുന്നിലെത്തിയത്. പെഡ്രി ബാഴ്‌സയെ ഒപ്പമെത്തിച്ചു. തുടര്‍ന്നായിരുന്നു മെസിയുടെ ഗോളുകള്‍. ആദ്യ ഗോളിന് പെഡ്രിയും രണ്ടാം ഗോളിന് അന്റോയ്ന്‍ ഗ്രീസ്മാനുമാണ് വഴിയൊരുക്കിയത്.

സീരി എയില്‍ യുവന്റസിന് ജയം

ടൂറിന്‍: ഇറ്റാലിയന്‍ ലീഗില്‍ എസി മിലാനെ തകര്‍ത്ത് യുവന്‍റസ്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു യുവന്‍റസിന്‍റെ ജയം. ലീഗില്‍ മിലാന്‍റെ ആദ്യ തോല്‍വിയാണിത്. ഫെഡെറിക്കോ ചീസ യുവന്‍റസിനായി ഇരട്ട ഗോള്‍ നേടി. വെസ്റ്റണ്‍ മക്‌കെന്നി ഒരു ഗോള്‍ നേടി. ഡെവിഡ് കലബ്രിയയുടെ വകയായിരുന്നു മിലാന്‍റെ ഏകഗോള്‍. ജയത്തോടെ 15 കളിയില്‍ നിന്ന് 30 പോയിന്റുമായി യുവന്‍റസ് ലീഗില്‍ നാലാം സ്ഥാനത്തെത്തി. തോറ്റെങ്കിലും 16 മത്സരങ്ങളില്‍ 37 പോയിന്‍റുള്ള മിലാന്‍ തന്നെയാണ് ഒന്നാമത്. 

ഇന്ററിനും രക്ഷയില്ല

മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന് തോല്‍വി. സാംപ്‌ഡോറിയ ഒന്നിനെതിരെ രണ്ട് ഗോളിന് ഇന്ററിനെ തോല്‍പിച്ചു. ഇരുപത്തിമൂന്നാം മിനിറ്റില്‍ അന്റോണിയോയാണ് സാംപ്‌ഡോറിയയെ മുന്നിലെത്തിച്ചത്. 38ാം മിനിറ്റില്‍ കെയ്റ്റ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ സ്റ്റെഫാന്‍ ആണ് ഇന്‍ററിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. 16 മത്സരങ്ങളില്‍ 36 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ഇന്‍റര്‍ മിലാന്‍.