ചിലെക്കെതിരെ ഈ മാസം 28നും കൊളംബിയക്കെതിരെ അടുത്ത മാസം രണ്ടിനുമാണ് അര്‍ജന്‍റീനയുടെ മത്സരങ്ങള്‍

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ നായകന്‍ ലിയോണൽ മെസി (Lionel Messi) കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ (2022 FIFA World Cup qualification- CONMEBOL) ചിലെക്കും കൊളംബിയക്കും എതിരായ മത്സരങ്ങളാണ് മെസിക്ക് നഷ്ടമാവുക. പിഎസ്‌ജി (PSG) താരമായ മെസി പാരീസിൽ തന്നെ തുടരും. കൊവിഡ് (Covid-19) മുക്തനായെങ്കിലും പിഎസ്‌ജി ടീമിനൊപ്പം മെസി പരിശീലനം തുടങ്ങിയിട്ടില്ല. 

അര്‍ജന്‍റീന ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ചിലെക്കെതിരെ ഈ മാസം 28നും കൊളംബിയക്കെതിരെ അടുത്ത മാസം രണ്ടിനുമാണ് അര്‍ജന്‍റീനയുടെ മത്സരങ്ങള്‍. യോഗ്യത നേടിയ മറ്റൊരു ടീമായ ബ്രസീലിന്‍റെ അടുത്ത രണ്ട് മത്സരങ്ങളില്‍ സൂപ്പര്‍താരം നെയ്‌മര്‍ കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പായിരുന്നു. ഈ മാസം 27ന് ഇക്വഡോറിനെയും ഫെബ്രുവരി രണ്ടിന് പരാഗ്വയേയും ബ്രസീല്‍ നേരിടും. 13 കളിയിൽ 35 പോയിന്‍റുമായി മേഖലയിൽ ഒന്നാം സ്ഥാനത്താണ് കാനറികള്‍. 

ഇന്ന് പുലര്‍ച്ചെ പ്രഖ്യാപിച്ച ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തില്‍ അന്തിമ പട്ടികയിലുണ്ടായിരുന്നെങ്കിലും ലിയോണല്‍ മെസിക്ക് നിരാശയായി ഫലം. 2016ൽ ഫിഫ ഏര്‍പ്പെടുത്തിയ ദി ബെസ്റ്റ് പുരസ്കാരത്തിന്‍റെ ചുരുക്കപ്പട്ടികയിൽ ഉള്‍പ്പെട്ടിട്ടും നാലാം തവണയാണ് ലിയോണൽ മെസി പുരസ്കാരം നേടാതെ മടങ്ങുന്നത്. 2019ല്‍ മാത്രമാണ് മെസി പുരസ്കാരം നേടിയത്. 2016ലും 2017ലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നിൽ രണ്ടാമനായ മെസി കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇക്കുറി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്കിയാണ് ജേതാവ്. 

The Best FIFA Football Awards 2021 : എങ്ങനെ മെസിയെ മറികടന്നു! ലെവന്‍ഡോവ്സ്കി ഫിഫയുടെ മികച്ച താരമായതിങ്ങനെ?