കോപ്പാ അമേരിക്കയിൽ അര്‍ജന്‍റീനയെ ജേതാക്കളാക്കിയിട്ടും ലിയോണൽ മെസിക്ക് നിരാശയായി അവാര്‍ഡ് പ്രഖ്യാപനം

സൂറിച്ച്: അര്‍ജന്‍റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത മികവില്‍ ലിയോണല്‍ മെസി (Lionel Messi) ഫിഫ ദി ബെസ്റ്റ് (FIFA The Best) പുരസ്‌കാരം നേടും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബയേൺ മ്യൂണിക്ക് (FC Bayern Munich) സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (Robert Lewandowski) സ്വന്തമാക്കി. പോയ വര്‍ഷം ബയേണ്‍ കുപ്പായത്തില്‍ നടത്തിയ ഗോള്‍വേട്ടയാണ് ലെവന്‍ഡോവ്സ്കിക്ക് ഫിഫ ബെസ്റ്റ് പുരസ്‌കാര പോരാട്ടത്തില്‍ തുണയായത്. 

പുരസ്കാരത്തിന് പരിഗണിച്ച കാലയളവായ 2020 ഒക്ടോബറിനും 2021 ഓഗസ്റ്റിനും ഇടയിലെ 44 മത്സരങ്ങളില്‍ 51 ഗോള്‍ ലെവന്‍ഡോവ്സ്കി നേടി. എട്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു താരം. ബുണ്ടസ് ലീഗയിലെ ഗോളടിമികവില്‍ ഗെര്‍ഡ് മുള്ളറുടെ 49 വര്‍ഷം നീണ്ടു നിന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ ലെവന്‍ഡോവ്സ്കിക്ക് കഴിഞ്ഞ വർഷമാണ് 2021. യൂറോപ്പിലെ ലീഗുകളില്‍ കൂടുതൽ ഗോള്‍ നേടിയ താരത്തിനുള്ള സുവര്‍ണ പാദുകവും ലെവന്‍ഡോവ്സ്കി സ്വന്തമാക്കി. കൂടാതെ ക്ലബ് ലോകകപ്പിലും ജര്‍മ്മന്‍ ലീഗിലും ബയേണ്‍ മ്യണിക്കിനെ ജേതാക്കളുമാക്കി. എന്നാൽ ദേശീയ ടീമിൽ ശ്രദ്ധേയമായ നേട്ടങ്ങളോ ബയേണിനായി ചാമ്പ്യന്‍സ് ലീഗ് കിരീടമോ നേടാന്‍ താരത്തിന് കഴിഞ്ഞ വര്‍ഷം സാധിച്ചില്ല. പോളണ്ടിനായി മൂന്ന് കളിയിൽ 3 ഗോള്‍ നേടിയെങ്കിലും യൂറോ കപ്പില്‍ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി.

2016ൽ ഫിഫ ഏര്‍പ്പെടുത്തിയ ദി ബെസ്റ്റ് പുരസ്കാരത്തിന്‍റെ ചുരുക്കപ്പട്ടികയിൽ ഉള്‍പ്പെട്ടിട്ടും നാലാം തവണയാണ് ലിയോണൽ മെസി പുരസ്കാരം നേടാതെ നിരാശനാകുന്നത്. 2019ല്‍ മാത്രമാണ് മെസി പുരസ്കാരം നേടിയത്. 2016ലും 2017ലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നിൽ രണ്ടാമനായ മെസി കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 

മറക്കാന്‍ പറ്റുവോ! എറിക്സണിന് രക്ഷകരായ താരങ്ങള്‍ക്കും മെഡിക്കൽ സംഘത്തിനും ആരാധ‍കര്‍ക്കും ഫിഫയുടെ ആദരം