പിഎസ്ജി ലീഗ് ജേതാക്കള്‍ ആയെങ്കിലും മെസി 23 കളിയിൽ നാലും നെയ്മര്‍ 11 ഗോളുമാണ് നേടിയ

പാരിസ്: ഫ്രഞ്ച് ലീഗില്‍ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരപ്പട്ടികയിൽ ലിയോണല്‍ മെസിയും നെയ്‌മറും ഇല്ല. കളിക്കാരുടെ സംഘടന തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ പിഎസ്ജിയിൽ നിന്ന് കിലിയന്‍ എംബാപ്പേയുണ്ട്. ലിയോണിന്‍റെ ലൂക്കാസ് പക്വേറ്റ, എഎസ് മൊണാക്കോയുടെ വിസ്സം ബെന്‍ യെഡര്‍, മാഴ്സെയുടെ ദിമിത്രി പായെറ്റ്, റെനെയുടെ മാര്‍ട്ടിന്‍ ടെറിയര്‍ എന്നിവരാണ് പട്ടികയിലെ മറ്റുതാരങ്ങള്‍.

പിഎസ്ജി ലീഗ് ജേതാക്കള്‍ ആയെങ്കിലും മെസി 23 കളിയിൽ നാലും നെയ്മര്‍ 11 ഗോളുമാണ് നേടിയത്. ഈ മാസം 15ന് പുരസ്കാരം പ്രഖ്യാപിക്കും. സീസണിൽ 24 ഗോള്‍ നേടിയ എംബാപ്പേയ്ക്കാണ് മേൽക്കൈ. കഴിഞ്ഞ 2 തവണയും എംബാപ്പേയാണ് പുരസ്കാരം നേടിയത്. പിഎസ്ജിയെ ലീഗ് വൺ ചാമ്പ്യൻമാരാക്കിയെങ്കിലും മികച്ച പരിശീലകനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാൻ മൗറീസിയോ പൊച്ചെറ്റീനോയ്ക്കായില്ല

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി പത്താം കിരീടമാണ് സ്വന്തമാക്കിയത്. ലെന്‍സിനെ സമനിലയില്‍ പിടിച്ചതോടെ ആണ് പിഎസ്ജി കിരീടം ഉറപ്പിച്ചത്. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 68-ാം മിനുട്ടില്‍ ലയണല്‍ മെസിയാണ് പിഎസ്ജിക്ക് ലീഡ് നല്‍കിയത്. നെയ്മറിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍. 88-ാം മിനുട്ടില്‍ ജീനിലൂടെ ആണ് ലെന്‍സ് സമനില നേടിയത്. നാലു മത്സരങ്ങള്‍ ലീഗില്‍ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പിഎസ്ജി ഉറപ്പിച്ചത്. 

ചാമ്പ്യന്‍സ് ലീഗിലടക്കം ബാക്കി ടൂര്‍ണമെന്‍റുകളില്‍ ഒക്കെ കാലിടറിയ പിഎസ്ജിക്ക് ഈ കിരീടം ആശ്വാസകരമാകും. ലിയോണല്‍ മെസിക്ക് ലാലിഗ അല്ലാതെ ഒരു ലീഗ് സ്വന്തമാക്കാനായി എന്ന പ്രത്യേകതയും ഈ കിരീട നേട്ടത്തിന് ഉണ്ട്. 

മെസിയുടെ തകര്‍പ്പന്‍ ഗോള്‍, പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ്; ജര്‍മനിയില്‍ തുടര്‍ച്ചയായ പത്താം തവണയും ബയേണ്‍