റിയാദ്: അര്‍ജന്റീന-ബ്രസീല്‍ സൂപ്പര്‍ ക്ലാസിക്കോയില്‍ മത്സരഫലം നിര്‍ണയിച്ചത് രണ്ട് പെനല്‍റ്റികളായിരുന്നു. എട്ടാം മിനിറ്റില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി ഗബ്രിയേല്‍ ജിസ്യൂസ് പുറത്തേക്ക് അടിച്ചു കളഞ്ഞ് പാഴാക്കിയപ്പോള്‍ 11-ാം മിനിറ്റില്‍ അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി ലിയോണല്‍ മെസ്സി രണ്ടാം ശ്രമത്തില്‍ ഗോള്‍വലയ്ക്ക് അകത്തു കയറ്റി.

മെസ്സിയുടെ കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ അനായാസം തട്ടിയകറ്റിയെങ്കിലും പന്ത് നേരെ വന്നത് മെസ്സിയുടെ നേര്‍ക്ക് തന്നെയായിരുന്നു. രണ്ടാം ശ്രമത്തില്‍ അലിസണെ കീഴടക്കി മെസ്സി ഗോളടിച്ചതോടെ അര്‍ജന്റീനയ്ക്ക് ആശ്വാസമായി.

കോപ്പ ഫൈനലില്‍ മെസ്സി നഷ്ടമാക്കിയ പെനല്‍റ്റിയായിരുന്നു അര്‍ജന്റീനയ്ക്ക് കിരീടം നിഷേധിച്ചത്. കോപ്പ അമേരിക്ക സെമിഫൈനലില്‍ ബ്രസീലിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി അര്‍ജന്റീനയുടെ വിജയം.