അഴിമതി ആരോപണങ്ങൾ നേരിടുന്ന അർജന്റൈൻ ഫുട്ബോൾ അസോസിയേഷനെതിരെ നിയമ നടപടിക്കൊരുങ്ങി ലിയോണൽ മെസി. തന്റെ പേരും ചിത്രവും എഎഫ്എ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുകയാണ് താരത്തിന്റെ ലക്ഷ്യം.
ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ നിയമ നടപടിക്കൊരുങ്ങി ലിയോണല്‍ മെസി. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എഎഫ്എ, തന്റെ പേരും ചിത്രവും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നാണ് മെസിയുടെ ആവശ്യം. രണ്ട് പതിറ്റാണ്ടായി അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ മുഖമായിരുന്നു ലിയോണല്‍ മെസി. സാധ്യമായ കിരീടങ്ങളെല്ലാം അര്‍ജന്റീനയ്ക്ക് സമ്മാനിച്ച ഇതിഹാസം. എന്നാല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ അര്‍ജന്റൈ ഫുട്‌ബോള്‍ അസോസിയേഷനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇന്റര്‍ മയാമി താരം.
എ എഫ് എയുടെ പരസ്യങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍, മറ്റ് വാണിജ്യ ഇടപാടുകള്‍ എന്നിവയില്‍ തന്റെ പേരും ചിത്രവും വീഡിയോയും ഉപയോഗിക്കുന്നത് തടയുകയാണ് മെസ്സിയുടെ ലക്ഷ്യം. പ്രസിഡന്റ് ക്ലോഡിയോ ടാപിയയ്ക്കും അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എഎഫ്എയ്ക്കും എതിരെ തന്റെ പേരും ചിത്രവും മറ്റ് ദൃശ്യങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയാത്തവിധം നിയമനടപടി സ്വീകരിക്കാന്‍ മെസി അഭിഭാഷകരോട് നിര്‍ദേശിച്ചുവെന്ന് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അര്‍ജന്റീനയുടെ സ്‌പോണ്‍സര്‍മാരായ ബിയര്‍ ബ്രാന്‍ഡ് മെസിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചിരുന്നു. ഇതേസമയം മെസ്സി, അമേരിക്കന്‍ ബിയര്‍ ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറാണ്. മെസ്സിയുടെ ചിത്രം അര്‍ജന്റൈന്‍ ബിയര്‍ ബ്രാന്‍ഡ് ഉപയോഗിക്കുന്നതിനെതിരെ അമേരിക്കന്‍ കമ്പനി രംഗത്തെത്തുകയും കരാര്‍ ലംഘന പ്രശ്‌നം ഉണ്ടാവുകയും ചെയ്തു. ഇതോടെയാണ് എ എഫ് എയുമായുള്ള എല്ലാ വാണിജ്യ ബന്ധങ്ങളും ഉപേക്ഷിക്കാന്‍ മെസ്സി തീരുമാനിച്ചത്.
2022ല്‍ ലോക ചാന്പ്യന്‍മാരായതിന് ശേഷം അര്‍ജന്റീനയുടെ വിപണിമൂല്യം കുത്തനെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എ എഫ് എയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ക്രമക്കേടുകള്‍ നടന്നുവെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മെസി വിരമിച്ചതിന് ശേഷം എ എഫ് എയുടെ വരുമാനത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഇതിന് പിന്നാലെ മെസ്സിയുടെ നിയമനീക്കം അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ വാണിജ്യ താല്‍പര്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. എന്നാല്‍ സംഭവത്തില്‍ മെസിയോ എഎഫ്എയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.











