നാല് തവണ പുരസ്‌കാരം നേടിയ റൊണാൾഡോയുമായുള്ള വ്യത്യാസം രണ്ടാക്കി മാറ്റി മെസി

ബാഴ്‌സലോണ: യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൺ ഷൂ പുരസ്‌കാരം ലിയോണൽ മെസിക്ക് സമ്മാനിച്ചു. ആറാം തവണയാണ് മെസി ഗോൾഡൺ ഷൂ സ്വന്തമാക്കുന്നത്.

ലാലിഗയിലെ ഗോൾ വേട്ടയാണ് ബാഴ്‌സലോണ ക്യാപ്റ്റൻ ലിയോണൽ മെസിയെ ഗോൾഡൺ ഷൂ പുരസ്‌കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ സീസണിൽ 34 കളിയിൽ മെസി അടിച്ചുകൂട്ടിയത് 36 ഗോൾ.

യൂറോപ്യൻ ലീഗുകളിലെ ടോപ് സ്കോറർക്കുള്ള പുരസ്‌കാരം മെസിയെ തേടിയെത്തുന്നത് തുടർച്ചയായ മൂന്നാം തവണ. ബാഴ്‌സലോണയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത് മെസിയുടെ മക്കളായ തിയാഗോയും മത്തേയൂവും ചേര്‍ന്നാണ്.

നാല് തവണ പുരസ്‌കാരം നേടിയ റൊണാൾഡോയുമായുള്ള വ്യത്യാസം രണ്ടാക്കി മാറ്റിയ മെസി പരിശീലകരോടും സഹതാരങ്ങളോടും കുടുംബത്തോടും നന്ദി പറഞ്ഞു. ഫ്രഞ്ച് ലീഗിൽ പാരിസ് സെന്‍റ് ജെ‍ർമെയ്ന് വേണ്ടി 33 ഗോൾ നേടിയ കിലിയൻ എംബാപ്പേയാണ് രണ്ടാം സ്ഥാനത്ത്.