ബാഴ്സലോണ: ഗോളടിച്ച് മാത്രമല്ല, ഗോളടിപ്പിച്ചും സ്പാനിഷ് ലീഗില്‍ ലിയോണല്‍ മെസി പുതിയ റെക്കോര്‍ഡിട്ടു. വിയ്യാ റയലിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ബാഴ്സയുടെ രണ്ട് ഗോളിന് വഴിയൊരുക്കിയതിലൂടെ മെസി ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. വിയ്യാ റയലിനെതിരെ ലൂയി സുവാരസിന്റെയും അന്റോണിയോ ഗ്രീസ്മാന്റെയും ഗോളിനാണ് മെസി വഴിയൊരുക്കിയത്.

സീസണില്‍ ഇതുവരെ 19 ഗോളിന് വഴിയൊരുക്കിയാണ് മെസി ലാ ലിഗയില്‍ അസിസ്റ്റുകളില്‍ റെക്കോര്‍ഡിട്ടത്. സുവാരസിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയപ്പോള്‍ തന്നെ 18 അസിസ്റ്റുകളുമായി മെസി തന്റെ തന്നെ മുന്‍ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചാട്ടുളിപോലെ പെനല്‍റ്റി ബോക്സിലേക്ക് ഓടിക്കയറുന്നതിനികെ വിയ്യാറയല്‍ പ്രതിരോധത്തെ അമ്പരപ്പിച്ച് ഗ്രീസ്മാന് മെസിയുടെ ബാക് ഹീല്‍ പാസ് എത്തിയത്.

മെസിയുടെ പാസിനായി കാത്തു നിന്നപോലെ ഗ്രീസ്മാന്‍ മനോഹരമായ ഫിനിഷിംഗിലൂടെ അത് വലയിലെത്തിക്കുകയും ചെയ്തു. 2014-2015 സീസണിലും 2010-2011 സീസണിലും മെസി 18 അസിസ്റ്റുകളുമായി റെക്കോര്‍ഡിട്ടുണ്ട്. ലാ ലിഗയില്‍ 22 ഗോളുകളുമായി ടോപ് സ്കോറര്‍ പട്ടികയിലുള്ള മെസി രണ്ടാം സ്ഥാനത്തുള്ള കരീം ബെന്‍സേമയെക്കാള്‍ അഞ്ച് ഗോള്‍ മുന്നിലാണ്. വിയ്യാ റയലിനെതിരെ മെസി ഗോളടിച്ചെങ്കിലും വാറിലൂടെ അത് ഓഫ് സൈഡ് വിധിച്ചു. രണ്ടാം വട്ടം മെസി ഗോളിന് അടുത്തെത്തിയെങ്കിലും മെസിയെടുത്ത ഫ്രീ കിക്ക് ക്രോസ് ബാറില്‍ ഇടിച്ച് മടങ്ങി.

വിയ്യാ റയലിനെ 4-1ന് കീഴടക്കിയതോടെ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള പോയന്റ് വ്യത്യാസം നാലു പോയന്റാക്കി ചുരുക്കാനും ബാഴ്സക്കായി.