മാർച്ചിൽ കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ലിയോണൽ മെസിയുടെ വരവ് അനിശ്ചിതത്വത്തിൽ. ഇതേ സമയത്ത് അർജന്റീന ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ആശയക്കുഴപ്പം
ദോഹ: അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി മാര്‍ച്ചില്‍ കേരളത്തിലെത്തുന്നതില്‍ വീണ്ടും അനിശ്ചിതത്വം. മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് പുതിയ പ്രഖ്യാപനം. ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമായാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍. മാര്‍ച്ച് 26നും 31നും ഇടയില്‍ ദോഹ വേദിയായ ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിലാണ് അര്‍ജന്റീന ടീമിന്റെ പങ്കാളിത്തം സംഘാടകര്‍ പ്രഖ്യാപിച്ചത്. ആരാധകര്‍ കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടത്തില്‍ മാര്‍ച്ച് 27ന് അര്‍ജന്റീന യൂറോപ്യന്‍ ചാംപ്യന്മാരായ സ്‌പെയിനിനെ നേരിടും.
31-ാം തീയതി ആതിഥേയരായ ഖത്തറുമായി ആണ് രണ്ടാം മത്സരം. 2022ല്‍ അര്‍ജന്റീന വിശ്വകിരീടം ഉയര്‍ത്തിയ ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെയാകും മത്സരങ്ങള്‍. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സൌദി അറേബ്യ, ഈജിപ്ത്,
ടീമുകള്‍ക്കൊപ്പം സെര്‍ബിയയും ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമാകുമെന്നും അടുത്ത മാസം ടിക്കറ്റ് വില്‍പ്പന തുടങ്ങുമെന്നും സംഘാടക സമിതി വ്യക്തമാക്കി. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന പ്രതിനിധികള്‍ ഈമെയില്‍ അയച്ചെന്നാണ് നവംബര്‍ മൂന്നിന് മലപ്പുറത്ത് കായികവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞത്.
വാക്ക് തെറ്റിച്ചത് ആര്, എന്തുകൊണ്ട് എന്നാണ് ആരാധകരുടെ ചോദ്യം. കേരളത്തില്‍ എത്തിയില്ലെങ്കില്‍ മെസ്സിക്ക് ഇന്ത്യയിലൊരിടത്തും കാലുകുത്താനാകില്ലെന്ന് സ്‌പോണ്‍സര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഡിസംബറില്‍ മെസ്സി ഹൈദരാബാദ് അടക്കം നാല് ഇന്ത്യന്‍ നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഖത്തറിലെ മത്സരങ്ങള്‍ ഉറപ്പായിരിക്കെ, മാര്‍ച്ചിലെ വിന്‍ഡോയില്‍ മെസ്സി കേരളത്തിലെത്തുമോയെന്നതില്‍ മന്ത്രിയും സ്‌പോണ്‍സറും വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

