സൂറിച്ച്: ലോകകപ്പിനായി ഇതുവരെ നേടിയ കിരീടങ്ങളൊന്നും ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് വ്യക്തമാക്കി ബാഴ്സലോണ നായകന്‍ ലിയോണല്‍ മെസ്സി. ലോകചാമ്പ്യനായാല്‍ അത് കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യമാണ്.എന്നാല്‍ അതിനായി പതിമൂന്നാം വയസില്‍ ബാഴ്സലോണയില്‍ ചേര്‍ന്നത് മുതല്‍ കരിയറില്‍ ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളൊന്നും നല്‍കാനാവില്ല.

ഞാനെന്താണോ ഇതുവരെ നേടിയത് അത് മാത്രമാണ് എനിക്ക് സ്വന്തമായുള്ളത്. ദൈവം നല്‍കിയത് എന്താണോ അതില്‍ സന്തുഷ്ടനാണ്. താന്‍ സ്വപ്നം കണ്ടതിലും എത്രയോ വലിയ കരിയറാണ് ലഭിച്ചതെന്നും മെസ്സി പറഞ്ഞു. ബാഴ്സലോണക്കായി പത്ത് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടിയ മെസ്സിക്ക് ഇതുവരെ അര്‍ജന്റീനയെ ലോക ചാമ്പ്യന്‍മാരാക്കാനായിട്ടില്ല.

2014ല്‍ അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചുവെങ്കിലും ജര്‍മനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് അര്‍ജന്റീന കിരീടം കൈവിട്ടു. ആ ലോകകപ്പിന്റെ താരം മെസ്സിയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന റഷ്യന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റാണ് അര്‍ജന്റീന പുറത്തായത്. 2022ലെ ഖത്തര്‍ ലോകകപ്പാകുമ്പോള്‍ മെസ്സിക്ക് 35 വയസാകും. ലോകകപ്പ് നേടാന്‍ മെസ്സിക്ക് ലഭിക്കുന്ന അവസാന അവരമായിരിക്കും ഖത്തറിലേതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.