ജയ് ഷായുടെ പേരെഴുതിയാണ് മെസ്സി ഒപ്പുചാർത്തി തന്റെ പത്താം നമ്പർ ജഴ്സി അയച്ചത്.

ദില്ലി: ഇതിഹാസ താരം ലിയോണൽ മെസ്സി ഒപ്പിട്ട ജഴ്സി സ്വീകരിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രഗ്യാൻ ഓജയാണ് മെസ്സിയുടെ കൈയൊപ്പ് പതിഞ്ഞ ജഴ്സി ജയ് ഷാ സ്വീകരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ജയ് ഷായുടെ പേരെഴുതിയാണ് മെസ്സി ഒപ്പുചാർത്തി തന്റെ പത്താം നമ്പർ ജഴ്സി അയച്ചത്. ലോകകപ്പ് നേടിയതിന് അർജന്റീനയെ അഭിനന്ദിച്ച് ജയ് ഷാ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. മനോഹരമായ ഫൈനൽ മത്സരമായിരുന്നെന്നും മൂന്നാമത് ലോകകപ്പ് നേടിയഅർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ ! അർഹതപ്പെട്ട വിജയം- എന്നായിരുന്നു ജയ്ഷായുടെ ട്വീറ്റ്. ഖത്തർ ലോകകപ്പ് ഫൈനലിൽ ശക്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്റീന കപ്പടിച്ചത്. ഫൈനലിൽ മെസി രണ്ട് ​ഗോൾ നേടി. ഏഴ് ​ഗോളും മൂന്ന് അസിസ്റ്റുമായി മെസ്സിയായിരുന്നു ​ടൂർണമെന്റിലെ മികച്ച താരം. 2014ലെ ലോകകപ്പിലും മെസ്സിയായിരുന്നു മികച്ച താരം. മെസ്സിയുടെ കന്നി ലോകകപ്പ് കിരീട നേട്ടമായിരുന്നു ഖത്തറിലേത്. 

അതേസമയം, കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ അർജന്‍റീന സന്നദ്ധത അറിയിച്ചു. എംബസി കൊമേഴ്സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിൽ അർജന്‍റീനയെ പിന്തുണച്ച മലയാളികൾക്ക് നന്ദി പറയുന്നതിനായി ദില്ലി കേരള ഹൗസിൽ എത്തിയതായിരുന്നു അദ്ദേഹം.

വൈകാതെ തന്നെ ഇന്ത്യയിലെ അർജന്‍റീനയുടെ സ്ഥാനപതി കേരളം സന്ദർശിക്കും. വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസിലെ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ മലയാളി ഫുട്ബോൾ ആരാധകരുടെ ദൃശ്യങ്ങളുടെ പ്രദർശനവും നടത്തി. കേരളത്തിന്റെ കാൽപന്തു കളിയോടുള്ള അടങ്ങാത്ത ആവേശം ലോകകപ്പ് സമയത്ത് ലോകമാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

നന്ദിയിൽ ഒതുക്കില്ല! കേരളത്തിലേക്ക് അർജന്റീന പ്രതിനിധി വരുന്നു; കുട്ടികൾക്ക് പരിശീലനം, വിവിധ മേഖലകളിലെ സഹകരണം

ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കില്‍ കേരളം തന്നെയായിരുന്നു ലോകകപ്പ് ഏറ്റെടുത്തവരില്‍ ഒന്നാമത്. അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു കേരളത്തില്‍ ആരാധകര്‍ കൂടുതല്‍. കൂറ്റന്‍ കട്ടൗട്ടുകളും തോരണങ്ങള്‍ തൂക്കിയും ആരാധകര്‍ ടീമിനെ പിന്തുണച്ചു. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടമുറപ്പിച്ചപ്പോള്‍ അടുത്തകാലത്തെങ്ങും കാണാത്ത ആഘോഷങ്ങളിലേക്കാണ് ആരാധകര്‍ പോയത്. അതുകൊണ്ടുതന്നെ കേരളത്തിന് നന്ദി പറയാനും അര്‍ജന്റീന ടീം മറന്നില്ല. ട്വിറ്ററിലാണ് സെലക്ഷന്‍ അര്‍ജന്റീന കേരളത്തിനൊപ്പം ഇന്ത്യക്കും തങ്ങളുടെ നന്ദി അറിയിച്ചത്.