റയല്‍ മാഡ്രിഡിന്‌ വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെക്കുന്ന ഇംഗ്ലീഷ്‌ മിഡ്‌ഫീല്‍ഡര്‍ ജൂഡ്‌ ബെല്ലിംഗ്‌ഹാം ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത്‌ ട്രെന്‍ഡിംഗ്‌ ആണ്‌. ഗോളടിച്ച ശേഷം ബെല്ലിംഗ്‌ഹാം നടത്തുന്ന ആഘോഷ പ്രകടന ശൈലിയാണ്‌ താരത്തെ വ്യത്യസ്‌തനാക്കുന്നത്‌. ഇത്‌ റയല്‍ മാഡ്രിഡില്‍ നിന്നല്ല ബെല്ലിംഗ്‌ഹാം ആരംഭിച്ചത്‌.

റയല്‍ മാഡ്രിഡിന്‌ വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെക്കുന്ന ഇംഗ്ലീഷ്‌ മിഡ്‌ഫീല്‍ഡര്‍ ജൂഡ്‌ ബെല്ലിംഗ്‌ഹാം ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത്‌ ട്രെന്‍ഡിംഗ്‌ ആണ്‌. ഗോളടിച്ച ശേഷം ബെല്ലിംഗ്‌ഹാം നടത്തുന്ന ആഘോഷ പ്രകടന ശൈലിയാണ്‌ താരത്തെ വ്യത്യസ്‌തനാക്കുന്നത്‌. മുന്‍ റയല്‍ മാഡ്രിഡ്‌ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഗോളടിച്ച ശേഷം നടത്തുന്ന സ്യൂ ആഘോഷപ്രകടനത്തിന്‌ ശേഷം ബെല്ലിംഗ്‌ഹാമിന്റെ ഗോള്‍ ആഘോഷ രീതിയും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്‌. ഗോളടിച്ച ശേഷം കാണികള്‍ക്ക്‌ മുന്നില്‍ ഇരുകൈകളും വിടര്‍ത്തിപ്പിടിച്ചുള്ള ഒരു നില്‍പ്പുണ്ട്‌ ബെല്ലിംഗ്‌ഹാം.

ഇത്‌ റയല്‍ മാഡ്രിഡില്‍ നിന്നല്ല ബെല്ലിംഗ്‌ഹാം ആരംഭിച്ചത്‌. 2019 ല്‍ ഇംഗ്ലീഷ്‌ ക്ലബ്ബ്‌ ബര്‍മിംഗ്‌ഹാം സിറ്റിക്ക്‌ വേണ്ടി ചാള്‍ട്ടണ്‍ അത്‌ലറ്റിക്കിനെതിരെ ഗോള്‍ നേടിയപ്പോഴാണ്‌ അന്ന്‌ 19 വയസ്‌ മാത്രമുള്ള ജൂഡ്‌ ബെല്ലിംഗ്‌ഹാം ആദ്യമായി കൈകള്‍ വിടര്‍ത്തിപ്പിടിച്ച്‌ കാണികളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള ഗോള്‍ ആഘോഷം നടത്തിയത്‌. ഈ രീതിയിലുള്ള ഗോള്‍ ആഘോഷത്തിന്‌ പ്രത്യേകിച്ച്‌ അര്‍ഥമൊന്നുമില്ലെന്ന്‌ ജൂഡ്‌ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇത്‌ എപ്പോള്‍ മുതലാണ്‌ താന്‍ ആരംഭിച്ചതെന്നത്‌ സംബന്ധിച്ച്‌ പോലും താരത്തിന്‌ വ്യക്തതയില്ല. എന്നാല്‍, ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും ഇതേക്കുറിച്ച്‌ ചില ധാരണകളും അഭിപ്രായങ്ങളുമുണ്ട്‌.

2000 ല്‍ റിലീസ്‌ ചെയ്‌ത, ഓസ്‌കര്‍ നേടിയ ഗ്ലാഡിയേറ്റര്‍ എന്ന സിനിമയുമായി ഈ ഗോള്‍ ആഘോഷത്തിന്‌ ബന്ധമുണ്ടെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഗ്ലാഡിയേറ്ററില്‍ റസല്‍ ക്രോ അവതരിപ്പിച്ച മാക്‌സിമസ്‌ എന്ന പോരാളിയായ കഥാപാത്രം എതിരാളികളെയെല്ലാം കീഴടക്കിയതിന്‌ ശേഷം കാണികള്‍ക്ക്‌ നേരെ കൈകള്‍ വിടര്‍ത്തി നിന്ന്‌ ഒരു ചോദ്യം ഉന്നയിക്കും. നിങ്ങള്‍ക്കിത്‌ ആസ്വദിക്കാന്‍ കഴിയുന്നില്ലേ എന്ന്‌. അതുപോലെയാണ്‌, ജൂഡ്‌ ബെല്ലിംഗ്‌ഹാം ഗോളടിച്ച ശേഷം കാണികളോട്‌ കൈകള്‍ വിടര്‍ത്തി ചോദിക്കുന്നത്‌ എന്നാണ്‌ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്‌.

YouTube video player

യൂറോ 2024 ല്‍ സ്ലൊവാക്യക്കെതിരെ അവസാന നിമിഷം സമനില ഗോള്‍ നേടിയ ബെല്ലിംഗ്‌ഹാം ഇംഗ്ലണ്ട്‌ ടീമിന്റെ ആരാധകര്‍ക്കരികിലേക്ക്‌ ഓടിയെത്തി ശേഷം മറ്റാര്‌ എന്ന ആക്രോശിച്ചു കൊണ്ട്‌ കൈകള്‍ വിടര്‍ത്തി നിന്നതാണ്‌ ഗ്ലാഡിയേറ്റര്‍ ചര്‍ച്ചക്ക്‌ തുടക്കമിട്ട സംഭവം. ഇപ്പോള്‍ വീണ്ടും ഇത്‌ ചര്‍ച്ചയാകാന്‍ കാരണം യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ പി എസ്‌ വി ഐന്തോവനെതിരെ റയല്‍ മാഡ്രിഡിനായി ബെല്ലിംഗ്‌ഹാം നേടിയ ഗോളും, ഗോള്‍ ആഘോഷവുമാണ്‌. ഇംഗ്ലണ്ട്‌ താരം കൈകള്‍ വിടര്‍ത്തി നില്‍ക്കുന്നതും ഗാലറിയിലുള്ള റയലിന്റെ ആരാധക വൃന്ദം ആ പോസ്‌ അനുകരിച്ച്‌ ബെല്ലിംഗ്‌ഹാമിന്‌ കട്ട സപ്പോര്‍ട്ട്‌ നല്‍കുന്നതുമായ ആ മനോഹരമായ വൈറല്‍ ദൃശ്യം ഡച്ച്‌ ഫോട്ടോഗ്രാഫറായ മാര്‍ക്ക്‌ വെര്‍ഹീസാണ്‌ പകര്‍ത്തിയത്‌.

സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്ന ഈ ഫോട്ടോ ബെല്ലിംഗ്‌ഹാമിന്‌ ഏറെ ഇഷ്ടമായി. അദ്ദേഹം ആ ഫോട്ടോഗ്രാഫര്‍ ആരെന്ന്‌ അന്വേഷിച്ച്‌ കണ്ടെത്തുകയും ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി അറിയിക്കുകയും ചെയ്‌തു. ഇതിനെല്ലാം പുറമെ ആ ഫോട്ടോ ക്രെഡിറ്റ്‌ നല്‍കിക്കൊണ്ട്‌ ഫോട്ടോഗ്രാഫറെ ടാഗ്‌ ചെയ്‌ത്‌ ബെല്ലിംഗ്‌ഹാം സ്വന്തം അക്കൗണ്ടില്‍ ഷെയര്‍ ചെയ്യുകയും ചെയ്‌തു. റയല്‍ മാഡ്രിഡ്‌ താരത്തിന്റെ ഈ പ്രവര്‍ത്തിയും വലിയ തോതില്‍ പ്രശംസിക്കപ്പെട്ടു. ഏതായാലും, റയലിന്റെ കുതിപ്പിന്‌ ചുക്കാന്‍ പിടിക്കുന്ന ബെല്ലിംഗ്‌ഹാമിന്റെ അടുത്ത ഗോളിനായി ആരാധകര്‍ കാത്തിരിക്കുകയാണ്‌. ആ ഗ്ലാഡിയേറ്റര്‍ പോസ്‌ അത്രമേല്‍ ഫുട്‌ബോള്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP