Asianet News MalayalamAsianet News Malayalam

ബാഴ്സ കുപ്പായത്തില്‍ ഇനി കാണാനാവുമോ ?; അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ അവധിയാഘോഷിക്കാന്‍ പോയി മെസ്സി

സെല്‍റ്റാ വിഗോക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ ലീഗില്‍ കിരീടപ്രതീക്ഷ കൈവിട്ട ബാഴ്സക്ക് മൂന്നാം സ്ഥാനം മാത്രമാണ് ഉറപ്പായിട്ടുള്ളത്.

Lionel Messi to miss Barcelona's last match of the season with Eibar
Author
Barcelona, First Published May 21, 2021, 5:14 PM IST

ബാഴ്സലോണ: സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയെ ഇനി ബാഴ്സലോണ ജേഴ്സിയില്‍ കാണാനാകുമോ?. ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിക്കുന്ന മെസ്സി ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ സ്പാനിഷ് ലാ ലീഗയില്‍ ഐബറുമായുള്ള സീസണിലെ അവസാന മത്സരത്തില്‍ മെസ്സിക്ക് ബാഴ്സ മാനേജ്മെന്‍റ് അവധികൊടുത്തു. ശനിയാഴ്ച നടക്കുന്ന പോരാട്ടത്തില്‍ മെസ്സിയില്ലാതെയാവും ബാഴ്സ ഇറങ്ങുക.

സെല്‍റ്റാ വിഗോക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ ലീഗില്‍ കിരീടപ്രതീക്ഷ കൈവിട്ട ബാഴ്സക്ക് മൂന്നാം സ്ഥാനം മാത്രമാണ് ഉറപ്പായിട്ടുള്ളത്. പരിശീലകന്‍ റോബര്‍ട്ട് കൂമാന്‍റെ അനുമതിയോടെ മെസ്സി ഇന്ന് പരിശീലനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും അവധിക്കാലം ആഘോഷിക്കാനായി താരം നേരത്തെ മടങ്ങുമെന്നും ബാഴ്സ വ്യക്തമാക്കി.

ജൂണിലാണ് മെസ്സിയുമായുള്ള ബാഴ്സയുടെ കരാര്‍ അവസാനിക്കുന്നത്. കരാര്‍ നീട്ടുന്നത് സംബന്ധിച്ച് മെസ്സിയോ ബാഴ്സയോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സീസണൊടുവില്‍ ബാഴ്സ വിടാനൊരുങ്ങിയ മെസ്സിയ കരാറിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു സീസണ്‍ കൂടി ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു ബാഴ്സ.

പിന്നീട് മെസ്സിയുടെ ആവശ്യപ്രകാരം പരിശീലകനെ മാറ്റിയ ബാഴ്സ ഈ സീസണുശേഷം അടിമുടി മാറ്റത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മെസ്സിയെ മാത്രം നിലനിര്‍ത്തി പ്രമുഖ താരങ്ങളില്‍ പലരെയും ടീം കൈവിടുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും ബാഴ്സക്ക് കിരീടം നേടാനായിരുന്നില്ലെങ്കിലും ലീഗ് സീസണില്‍
30 ഗോളോടെ മെസ്സി തന്നെയായിരുന്നു ടോപ് സ്കോറര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios