Asianet News MalayalamAsianet News Malayalam

ഈ സീസണില്‍ കൂടി ബാഴ്സയില്‍ തുടരുമെന്ന് മെസി

നിയമപോരാട്ടം ഒഴിവാക്കേണ്ടതുകൊണ്ട് മാത്രമാണ് ക്ലബ്ബില്‍ തുടരുന്നതെന്ന് വ്യക്തമാക്കിയ മെസി ക്ലബ്ബ് മാനേജ്മെന്റിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

Lionel Messi to stay at Barcelona next season
Author
Madrid, First Published Sep 4, 2020, 10:05 PM IST

മാഡ്രിഡ്: ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിനും ബാഴ്സ ആരാധകരുടെ ആശങ്കകള്‍ക്കും വിരാമമിട്ട് ലിയോണല്‍ മെസി. ജീവനെ പോലെ സ്നേഹിക്കുന്ന  ക്ലബ്ബിനെ കോടതി കയറ്റാൻ ആഗ്രഹിക്കാത്തതിനാല്‍ ഈ സീസണില്‍ കൂടി ബാഴ്സലോണയില്‍ തുടരുമെന്ന് ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മെസി വ്യക്തമാക്കി. ബാഴ്സലോണ വിടുകയാണെങ്കില്‍ റിലീസ് ക്ലോസ് ആയി 700 മില്യണ്‍ യൂറോ (ഏകദേശം 6150 കോടി രൂപ) ബാഴ്സലോണക്ക് നല്‍കണമെന്ന് ലാ ലിഗ അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ പ്രതികരണം.

നിയമപോരാട്ടം ഒഴിവാക്കേണ്ടതുകൊണ്ട് മാത്രമാണ് ക്ലബ്ബില്‍ തുടരുന്നതെന്ന് വ്യക്തമാക്കിയ മെസി ക്ലബ്ബ് മാനേജ്മെന്റിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ബാഴ്സലോണയില്‍ താന്‍ അതൃപ്തനാണെന്നും ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും മെസി അഭിമുഖത്തില്‍ വ്യക്തമാക്കി. ജോസഫ് ബര്‍ത്യോമുവിന്റെ നേതൃത്വത്തിലുള്ള ബാഴ്സ മാനേജ്മെന്റ് ഒരു ദുരന്തമാണെന്നും മെസി പറഞ്ഞു.

Lionel Messi to stay at Barcelona next season

ബാഴ്സയില്‍ ഒരുപാട് സഹിച്ചുവെന്നും പക്ഷെ ജീവനെ പോലെ സ്നേഹിക്കുന്ന  ക്ലബ്ബിനെ കോടതി കയറ്റാൻ ആഗ്രഹിക്കാത്തതിനാല്‍ മാത്രം ഈ സീസണില്‍ കൂടി ക്ലബ്ബില്‍ തുടരാന്‍ തീരുമാനിക്കുന്നുവെന്നും മെസി പറഞ്ഞു. സീസണൊടുവില്‍ ഉപാധികളൊന്നുമില്ലാതെ ക്ലബ്ബ് വിടാമെന്നായിരുന്നു തന്റെ പ്രതീക്ഷ.  സീസണൊടുവില്‍ ബാഴ്സയില്‍ തുടരണോ എന്ന് എനിക്ക് തീരുമാനിക്കാമെന്ന് ക്ലബ്ബ് പ്രസിഡന്റായ ജോസഫ് ബര്‍ത്യോമുവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്ലബ്ബ് വിടുന്ന കാര്യം ഓദ്യോഗികമായി സീസണ്‍ അവസാനിക്കുന്ന ജൂണ്‍ 10ന് മുമ്പ് അറിയിച്ചില്ലെന്ന സാങ്കേതികത പ്രശ്നത്തിലൂന്നി വിഷയം വലിച്ചുനീട്ടാനാണ് ക്ലബ്ബ് മാനേജ്മെന്റ് ശ്രമിച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സീസണ്‍ ഇപ്പോഴാണ് അവസാനിച്ചതെന്ന കാര്യം പോലും അവര്‍ കണക്കിലെടുത്തില്ല.

Lionel Messi to stay at Barcelona next season

ക്ലബ്ബ് വിടണമെങ്കില്‍ റിലീസ് ക്ലോസായി 700 മില്യണ്‍ യൂറോ നല്‍കണമെന്ന് ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബാഴ്സയില്‍ തുടരാന്‍ തീരുമാനിച്ചത്. കാരണം അത് അസാധ്യമാണ്. പിന്നെ കോടതി വഴി പരിഹാരം തേടുക എന്നതായിരുന്നു എന്റെ മുന്നിലുള്ള മറ്റൊരു മാര്‍ഗം. എന്നാല്‍ ഞാന്‍ സ്നേഹിക്കുന്ന ബാഴ്സക്കെതിരെ ഒരിക്കലും കോടതിയില്‍ പോവാന്‍ ഞാനാഗ്രഹിക്കുന്നില്ല. കാരണം ഈ ക്ലബ്ബാണ് എനിക്കെല്ലാം തന്നത്. എന്റെ ജീവനും ജീവിതവുമാണ് ഈ ക്ലബ്ബ്. ബാഴ്സ എനിക്കെല്ലാം തന്നു. ഞാന്‍ എന്റേതെല്ലാം അവര്‍ക്കും നല്‍കി. അതുകൊണ്ടുതന്നെ ക്ലബ്ബിനെ കോടതി കയറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല-മെസി പറഞ്ഞു

ബാഴ്സ വിടാനുള്ള തീരുമാനം ഭാര്യയെയും കുട്ടികളെയും അറിയിച്ചപ്പോള്‍ അവരെല്ലാം കരയുകയായിരുന്നു. എന്റെ കുട്ടികള്‍ ഒരിക്കലും ബാഴ്സ വിടാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ സ്കൂളുകള്‍ മാറാനും അവര്‍ക്ക് ആഗ്രഹമില്ല. ഇളയ കുട്ടിയായ മാറ്റിയോക്ക് ഒന്നും മനസിലാക്കാനുള്ള പ്രായമായിട്ടില്ല. എന്നാല്‍ കുറച്ചുകൂടി മുതിര്‍ന്ന തിയാഗോ ടിവിയില്‍ നിന്ന് എന്തൊക്കെയോ കണ്ട് എന്നോട് ചോദിച്ചു. ക്ലബ്ബ് വിടാന്‍ നിര്‍ബന്ധിതനായതാണെന്ന് ഞാനവനോട് പറഞ്ഞില്ല. പക്ഷെ, ക്ലബ്ബ് വിടുകയാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പോകരുതെന്ന് പറഞ്ഞു. കഠിനമായിരുന്നു ആ നിമിഷങ്ങള്‍. തീരുമാനമെടുക്കുക എന്നത് വിഷമകരമായ കാര്യമായിരുന്നു. പക്ഷെ അപ്പോഴൊക്കെയം വേദന ഉള്ളിലൊതുക്കി ഭാര്യ അന്റോണെല്ല എന്റെ തീരുമാനത്തിനൊപ്പം കൂടെനിന്നു.

Lionel Messi to stay at Barcelona next season

എന്നാല്‍ കൂടുതല്‍ മത്സരക്ഷമമായ പോരാട്ടത്തിനായും കൂടുതല്‍ കിരീടങ്ങള്‍ നേടുന്നതിനായും എനിക്ക് പോയെ മതിയാവൂ. ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കണം. അവിടെ നിങ്ങള്‍ തോക്കുകയോ ജയിക്കുയോ ചെയ്യാം. എന്നാല്‍ നിങ്ങള്‍ മത്സരക്ഷമത കാണിക്കണം. അല്ലാതെ റോമിലും ലിവര്‍പൂളിലും ലിസ്ബണിലുമെല്ലാം ആ സ്വപ്നങ്ങള്‍ വീണുടയരുത്. അതാണ് എന്നെ അവസാനം നിര്‍ണായകമായ ആ തീരുമാനത്തിലെത്തിച്ചത്.

ഞാന്‍ ബാഴ്സലോണയെ സ്നേഹിക്കുന്നു. ബാഴ്സയെക്കാള്‍ മികച്ചൊരു ഇടം എനിക്ക് ലോകത്തെവിടെയും ലഭിക്കാനില്ല. പക്ഷെ അപ്പോഴും തീരുമാനമെടുക്കാന്‍ എനിക്ക് അവകാശമുണ്ട്. പുതിയ ലക്ഷ്യങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനായിരുന്നു എന്റെ തീരുമാനം. നാളെ മുതല്‍ ഞാന്‍ വീണ്ടും ബാഴ്സയിലേക്ക് തിരിച്ചുപോവും. ഇവിടെ ബാഴ്സയില്‍ എനിക്കെല്ലാം ഉണ്ട്. എന്റെ കുടുംബം, മക്കള്‍, അവര്‍ ഇവിടെയാണ് വളര്‍ന്നത്. പക്ഷെ ക്ലബ്ബ് വിടാനുള്ള എന്റെ തീരുമാനത്തില്‍ യാതൊരു തെറ്റുമില്ലായിരുന്നു. എനിക്കത് ആവശ്യമായിരുന്നു. ബാഴ്സക്കും അത് ആവശ്യമായിരുന്നു. എല്ലാവര്‍ക്കും അത് ഗുണകരമാകുമായിരുന്നു-മെസി പറഞ്ഞു.

Follow Us:
Download App:
  • android
  • ios