ടീമിന് ലോകകപ്പ് യോഗ്യത കിട്ടാത്തതിന്റെ പേരില്‍ സ്ഥാനം ഒഴിയില്ലെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രാവിന വ്യക്തമാക്കി.
ബ്യൂണസ് അയേഴ്‌സ്: ഇറ്റലി ലോകകപ്പിന് യോഗ്യത നേടാത്തതില്‍ അതിയായ നിരാശയുണ്ടെന്ന് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി. ഇറ്റാലിയന്‍ പൈതൃകമുള്ള വ്യക്തിയാണ് താന്‍. ക്ലബ് കരിയറില്‍ കൂടുതല്‍ കാലവും കളിച്ചത് ഇറ്റലിയിലാണ്. ലോക ഫുട്‌ബോളിലെ വന്‍ ശക്തികളില്‍ ഒന്നായിരുന്ന ഇറ്റലിയുടെ വീഴ്ചയില്‍ നിരാശയുണ്ടെന്നും സ്‌കലോണി പറഞ്ഞു. ഇറ്റാലിയന്‍ ക്ലബുകളായ ലാസിയോയുടെയും അറ്റ്‌ലാന്റയുടേയും താരമായിരുന്നു സ്‌കലോണി.
അതേസമയം, തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാതെ പുറത്തായതിന് പിന്നാലെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രാവിനയോട് രാജി ആവശ്യപ്പെട്ട് കായികമന്ത്രി. ഇറ്റാലിയന്‍ ഫുട്‌ബോളില്‍ അടിത്തട്ട് മുതല്‍ മാറ്റം ആവശ്യമാണെന്നും ഫെഡറേഷന്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനം ഒഴിയണമെന്നും കായികമന്ത്രി ആന്ദ്രേ അബോഡി ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ സര്‍ക്കാരും ഫുട്‌ബോള്‍ ഫെഡറേഷനും നാളുകളായി രണ്ട് തട്ടിലാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കായികമന്ത്രിയുടെ ആവശ്യം.
എന്നാല്‍ ടീമിന് ലോകകപ്പ് യോഗ്യത കിട്ടാത്തതിന്റെ പേരില്‍ സ്ഥാനം ഒഴിയില്ലെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രാവിന വ്യക്തമാക്കി. ഇതിനിടെ, ലോകകപ്പ് യോഗ്യത നേടാതെ പുറത്തായതിന് പിന്നാലെ ആരാധകരോട് മാപ്പ് ചോദിക്കുന്നതായി ഇറ്റാലിയന്‍ കോച്ച് ഗെന്നാരോ ഗെറ്റൂസോ പറഞ്ഞു. ഈ തിരിച്ചടി ഇറ്റാലിയന്‍ ടീം അര്‍ഹിച്ചിരുന്നില്ല. മുഴുവന്‍ ഇറ്റലിക്കാര്‍ക്കും വേദനയുണ്ടാവുന്ന കാര്യമാണ് സംഭവിച്ചത്. ഭാവി കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ഇറ്റലിയുടെ മുന്‍താരം കൂടിയ ഗെറ്റൂസോ വ്യക്തമാക്കി.
തുടച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാതെയാണ് ഇറ്റലി പുറത്തായത്. നാലുതവണ ചാമ്പ്യന്‍മാരും രണ്ടു തവണ റണ്ണറപ്പുമായ ചരിത്രം ഇറ്റലിക്കുണ്ട്. ലോകകപ്പിലെ ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി ഉയര്‍ത്തിയപ്പോഴാണ് ഇറ്റലി ലോകകപ്പിന്റെ പടിക്ക് പുറത്ത് നില്‍ക്കുന്നത്. എട്ട് വര്‍ഷം മുന്‍പ് സ്വീഡനും 2022ല്‍ നോര്‍ത്ത് മാസിഡോണിയയും ഇക്കുറി ബോസ്‌നിയ ആന്‍ഡ് ഹെര്‍സിഗോവിനയും ഇറ്റലിയുടെ ലോകകപ്പിലേക്കുളള വഴി അടച്ചു. തുടച്ചയായി മൂന്ന് ലോകകപ്പില്‍ കളിക്കാത്ത ആദ്യ മുന്‍ ചാന്പ്യന്‍മാരെന്ന നാണക്കേടും ഇറ്റലിക്ക് സ്വന്തം.

