കോപ്പ അമേരിക്കയിലും ഫിനലിസിമയിലും കിരീടം നേടിയ ലിയോണല്‍ മെസിയും (Lionel Messi) സംഘവും അവസാന മുപ്പത്തിമൂന്ന് കളിയില്‍ തോല്‍വിയറിഞ്ഞിട്ടില്ല.

മാഡ്രിഡ്: സ്പാനിഷ് ക്ലബിന്റെ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി (Lionel Scaloni). ഭാവിയില്‍ തന്റെ ആഗ്രഹം സഫലമാവുമെന്നാണ് പ്രതീക്ഷയെന്നും സ്‌കലോണി പറഞ്ഞു. അര്‍ജന്റീനയുടെ (Argentina) തലവര മാറ്റിയ പരിശീലകനാണ് ലിയോണല്‍ സ്‌കലോണി. തുടര്‍തിരിച്ചടികളില്‍ നട്ടംതിരിഞ്ഞ അര്‍ജന്റീനയെ അപരാജിതരാക്കിയ സ്‌കലോണി ഒരുവര്‍ഷത്തിനിടെ രണ്ട് കിരീടങ്ങളും ടീമിന് സമ്മാനിച്ചു.

കോപ്പ അമേരിക്കയിലും ഫിനലിസിമയിലും കിരീടം നേടിയ ലിയോണല്‍ മെസിയും (Lionel Messi) സംഘവും അവസാന മുപ്പത്തിമൂന്ന് കളിയില്‍ തോല്‍വിയറിഞ്ഞിട്ടില്ല. അര്‍ജന്റൈന്‍ ടീമിന്റെ ചുമതലയൊഴിഞ്ഞാല്‍ ഏത് ടീമിനെ പരിശീലിപ്പിക്കുമെന്ന ചോദ്യത്തിനാണ് സ്‌കലോണി തന്റെ ഒളിപ്പിച്ചുവച്ചമോഹം വെളിപ്പെടുത്തിയത്. മുന്‍പ് താന്‍ കളിച്ചിട്ടുള്ള സ്പാനിഷ് ക്ലബ് ഡിപ്പോര്‍ട്ടീവോ ലാ കൊരുണയുടെ പരിശീലകനാവണമെന്നാണ് സ്‌കലോണിയുടെ ആഗ്രഹം. 

ഇപ്പോള്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ഡിപ്പോര്‍ട്ടീവോ ലാ ലീഗയിലേക്ക് സ്ഥാനക്കയറ്റം നേടാനുള്ള തീവ്രശ്രമത്തിലാണ്. ഡിപ്പോര്‍ട്ടീവോയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ച സ്‌കലോണി തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ക്ലബിനെ സഹായിക്കുമെന്നും ഉറപ്പുനല്‍കി. 

1998 മുതല്‍ 2006 വരെ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയുടെ താരമായിരുന്ന സ്‌കലോണി ക്ലബിനായി ഇരുനൂറ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഡിപ്പോര്‍ട്ടീവോ 1999-.2000 സീസണില്‍ ലാ ലീഗ കിരീടം നേടിയപ്പോള്‍ നിര്‍ണായക സാന്നിധ്യമായിരുന്നു പ്രതിരോധ താരമായിരുന്ന ലിയോണല്‍ സ്‌കലോണി.

അര്‍ജന്റീന- ബ്രസീല്‍ മത്സരമില്ല

ഖത്തര്‍ ലോകകപ്പിന് മുന്‍പ് ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യത മങ്ങി. നാളെ ഇരുടീമും ഓസ്‌ട്രേലിയയില്‍ ഏറ്റുമുട്ടേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരത്തിന് എത്താന്‍ കഴിയില്ലെന്ന് അര്‍ജന്റീന ടീം സംഘാടകരെ അറിയിക്കുകയായിരുന്നു.

മത്സരത്തിന്റെ 60,000-ലേറെ ടിക്കറ്റുകള്‍ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വിക്ടോറിയ സ്പോര്‍ട്സ് മന്ത്രി മാര്‍ട്ടിന്‍ പകുല പറഞ്ഞു. അര്‍ജന്റീനയുടെ പിന്മാറ്റത്തില്‍ നിരാശയുണ്ടെന്നും ഓസ്‌ട്രേലിയയിലെ ഫുട്‌ബോള്‍ ആരാധകരോട് പിന്‍മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാന്‍ അര്‍ജന്റീന ടീമിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.