ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. ബ്രൈറ്റണെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. മറ്റു മത്സരങ്ങളില്‍ ഷെഫീല്‍ഡ് യുനൈറ്റഡ് വോള്‍വ്‌സിനേയും മാഞ്ചസ്റ്റര്‍ സറ്റി ന്യൂകാസില്‍ യുനൈറ്റഡിനേയും തോല്‍പ്പിച്ചു. ബേണ്‍ലി വെസ്റ്റ്ഹാമിനെ മറികടന്നു. 

മുഹമ്മദ് സലായുടെ ഇരട്ട ഗോളുകളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. 6, 76 മിനിറ്റിുകളായിരുന്നു സലായുടെ ഗോള്‍. എട്ടാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സണ്‍ ഹോള്‍ നേടി. ലിയാന്‍ഡ്രോ ട്രൊസാര്‍ഡിന്റെ വകയായിരുന്നു ബ്രൈറ്റണിന്റെ ഏകഗോള്‍. ലീഗില്‍ ചാംപ്യന്‍ഷിപ്പ് ഉറപ്പിച്ച ലിവര്‍പൂളിന് 34 മത്സരങ്ങളില്‍ 92 പോയിന്റുണ്ട്. രണ്ട് സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി 23 പോയിന്റ് വ്യത്യാസം. 

ഇഞ്ചുറി ടൈമില്‍ ജോണ്‍ ഇഗാന്‍ നേടിയ ഗോളാണ് വോള്‍വ്‌സിനെതിരെ ഷെഫീല്‍ഡിന് തുണയായത്. മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം മൈതാനത്ത് ന്യൂകാസിലിനെ തകര്‍ക്കുകയായിരുന്നു. ഗബ്രിയേല്‍ ജീസസ്, റിയാദ് മെഹ്‌റസ്, ഡേവിഡ് സില്‍വ, റഹീം സ്റ്റെര്‍ലിംഗ് എന്നിവരാണ് സിറ്റിയുടെ ഗോള്‍ നേടിയത്. ഒരു ഗോള്‍ ന്യൂകാസിലിന്റെ ദാനമായിരുന്നു. 38ാം മിനിറ്റില്‍ ജേ റോഡ്രിഗസ് നേടിയ ഗൊളാണ് വെസ്റ്റ്ഹാമിനെതിരെ ബേണ്‍ലിക്ക് ജയമൊരുക്കിയത്.

ഇന്ന് എവര്‍ട്ടണ്‍ സതാംപ്ടണേയും ടോട്ടന്‍ഹാം ബേണ്‍മൗത്തിനേയും നേരിടും.