ഷ്രൂസ്ബറിയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ നാലാം റൗണ്ടിലെത്തിയത്. 27-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ആരാധകരെ അമ്പരിപ്പിച്ച് ഡാനിയേല്‍ ഉഡോഹ് ഷ്രൂസ്‌ബെറിയെ മുന്നിലെത്തിച്ചു.

ലണ്ടന്‍: എഫ്എ കപ്പില്‍ ലിവര്‍പൂള്‍ (Liverpool), ടോട്ടന്‍ഹാം (Tottenham), വെസ്റ്റ് ഹാം, വോള്‍വ്‌സ് ടീമുകള്‍ക്ക് ജയം. അതേസമയം ആഴ്‌സനല്‍ ഞെട്ടിപ്പിക്കുന്ന തോല്‍വിയോടെ പുറത്തായി. നോട്ടിംഗ്ഹാം ഫോറസ്റ്റാണ് ആഴ്‌സനലിനെ അട്ടിമറിച്ചത്. അതേസമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ആസ്റ്റണ്‍ വില്ലക്കെതിരെ കളിക്കാനിറങ്ങും.

ഷ്രൂസ്ബറിയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ നാലാം റൗണ്ടിലെത്തിയത്. 27-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ആരാധകരെ അമ്പരിപ്പിച്ച് ഡാനിയേല്‍ ഉഡോഹ് ഷ്രൂസ്‌ബെറിയെ മുന്നിലെത്തിച്ചു. എന്നാല്‍ ഏഴ് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന് ആയുസ്. 34-ാം മിനിറ്റില്‍ കെയിഡ് ഗോര്‍ഡനിന്റെ ഗോളിലൂടെ ലിവര്‍പൂള്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടു. 44-ാം മിനിറ്റിലും ഇഞ്ച്വറിടൈമിലും ഫാബീഞ്ഞോ ഗോള്‍ നേടി. ആദ്യത്തേത് പെനാല്‍റ്റി ഗോളായിരുന്നു. റോബര്‍ട്ടോ ഫിര്‍മ ഫിര്‍മിനോയാണ് മറ്റൊരു ഗോള്‍ നേടിയത്. കാര്‍ഡിഫ് സിറ്റിയാണ് നാലാം റൗണ്ടിലെ എതിരാളി.

മോര്‍കാംബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനം തോല്‍പ്പിച്ചത്. 33-ാം മിനിറ്റില്‍ അന്തോണി കൊന്നോറിലൂടെ മോര്‍കാംബ് മുന്നിലെത്തി. ആദ്യ പകുതി 1-0ത്തിന് അവസാനിക്കുകയായിരുന്നു. എന്നാല്‍ രണ്ടാംപാതിയില്‍ ടോട്ടനം തനിരൂപം പുറത്തെടുത്തു. 74-ാം മിനിറ്റില്‍ ഹാരി വിങ്ക്‌സിലൂടെ ടോട്ടനം ഒപ്പമെത്തി. 85-ാം മിനിറ്റില്‍ ലൂക്കാസ് മൗറ, 88-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ എന്നിവര്‍ വിജയം പൂര്‍ത്തിയാക്കി.

വോള്‍വ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് ഷെഫീല്‍ഡ് യുനൈറ്റഡിനെ തോല്‍പ്പിച്ചു. ഡാനിയേല്‍ പൊഡെന്‍സിന്റെ ഇരട്ട ഗോളാണ് ജയമൊരുക്കിയത്. നെല്‍സണ്‍ സെമേഡോ ഒരു ഗോള്‍ നേടി. ലീഡ്‌സിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു വെസ്റ്റ് ഹാമിന്റെ ജയം.

മാനുവല്‍ ലാന്‍സിനി, ജറോഡ് ബോവന്‍ എന്നിവര്‍ ഗോളുകള്‍ നേടി. നോട്ടിംഗ്ഹാം ഫോറസ്റ്റിനായി 83-ാം മിനിറ്റില്‍ ലെവിസ് ഗ്രാബണ്‍ നേടിയ ഒരു ഗോളാണ് ആഴ്‌സനലിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.