ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരുടെ പോരില്‍ ലിവര്‍പൂളിന് ജയം. ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ മറികടന്നത്. സാദിയോ മാനേയുടെ ഇരട്ട ഗോളുകളാണ് നിലവിലെ ചാംപ്യന്മാര്‍ക്ക് ജയമൊരുക്കിയത്. ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ ലീഡ്‌സിനെ മറികടന്നിരുന്നു.

ഗോള്‍ രഹിതമായിരുന്നു ആദ്യപകുതി. എന്നാല്‍ പ്രതിരോധതാരം ആന്ദ്രേ ക്രിസ്‌റ്റെന്‍സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് ചെല്‍സിക്ക് തിരിച്ചടിയായി. രണ്ടാം പകുതി മുഴുവന്‍ ചെല്‍സി പത്ത് പേരുമായിട്ടാണ് കളിച്ചത്. 50ാം മിനിറ്റിലായിരുന്നു മാനെയുടെ ആദ്യ ഗോള്‍. മുഹമ്മദ് സലായും ഫിര്‍മിഞ്ഞോയും ചേര്‍ന്ന് വലതുവശത്തുകൂടെ നടത്തിയ മുന്നേറ്റമാണ് മാനെ ലക്ഷ്യത്തിലെത്തിച്ചത്. ഫിര്‍മിഞ്ഞോ നല്‍കിയ ക്രോസ് മാനെ ഹെഡ് ചെയ്ത് ഗോളാക്കി. 

54-ാം മിനിറ്റില്‍ ചെല്‍സി ഗോള്‍കീപ്പര്‍ കെപയുടെ പിഴവില്‍ രണ്ടാം ഗോളും പിറന്നു. ബോക്‌സില്‍ നിന്ന് കെപ് പന്ത് പാസ് ചെയ്യുന്നതിനിടെ ബോക്്‌സിനകത്തുണ്ടായിരുന്ന മാനെ തട്ടിയെടുക്കുകയായിരുന്നു. ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളു. ലിവര്‍പൂള്‍ വിജയമുറപ്പിച്ചു. ഈ സീസണില്‍ ബയേണ്‍ മ്യൂനിച്ചില്‍ നിന്നെത്തിയ തിയാഗോ അല്‍കാന്‍ട്ര ലിവര്‍പൂളിനായി അരങ്ങേറി.

മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം രണ്ടിനെതിരെ അഞ്ച് ഗോളിന് സതാംപ്ടണെ തകര്‍ത്തു. സോണ്‍ മിനിന്റെ നാല് ഗോളുകളാണ് ഹോസെ മൗറിഞ്ഞോയ്ക്കും സംഘത്തിനും തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. നാല് ഗോളിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഹാരി കെയ്‌നാണ്. പിന്നാലെ ഒരു ഗോള്‍ നേടുകയും ചെയ്തു. ഡാനി ഇങ്‌സാണ് സതാംപ്ടണിന്റെ രണ്ട്  ഗോളുകളും നേടിയത്. ടോട്ടനത്തിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ എവര്‍ട്ടണോട് പരാജയപ്പെട്ടിരുന്നു. 

ന്യൂസികാസിലിനെതിരായ മത്സരത്തില്‍ ബ്രറ്റണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം നേടി. നീല്‍ മോപേ ഇരട്ട ഗോളാണ് ജയം എളുപ്പമാക്കിയത്. ആരോണ്‍ കൊന്നോലി ഒരു ഗോള്‍ നേടി.