ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ കാത്തിരുന്ന വമ്പന്‍ പോരാട്ടത്തില്‍ ലിവര്‍പൂളിന് ജയം. നിലവിലെ ജേതാക്കളായ മാ‍ഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്. ആദ്യപകുതിയിൽ ലിവര്‍പൂള്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് മുന്നിലെത്തി. ആറാം മിനിറ്റില്‍ ഫാബിഞ്ഞോയും 13-ാം മിനിറ്റില്‍ മുഹമ്മദ് സലായും ലിവര്‍പൂളിനായി ഗോളുകള്‍ നേടി.

51-ാം മിനിറ്റില്‍ സാഡിയോ മാനേ ജയം ഉറപ്പിച്ചു. 78-ാം മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വയാണ് സിറ്റിക്കായി ആശ്വാസഗോള്‍ നേടിയത്. ജയത്തോടെ കിരീടപ്പോരാട്ടത്തില്‍ ലിവര്‍പൂള്‍ വ്യക്തമായ മേൽക്കൈ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിനേക്കാള്‍ എട്ട് പോയിന്‍റ് മുന്നിലാണ് ലിവര്‍പൂള്‍. തോല്‍വിയോടെ മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീസണിലെ നാലാം ജയം സ്വന്തമാക്കി. ബ്രൈറ്റണിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് യുണൈറ്റഡ് തോൽപ്പിച്ചു. 17-ാം മിനിറ്റില്‍ ആന്ദ്രെയ പെരേര ആദ്യഗോള്‍ നേടി. 19-ാം മിനിറ്റില്‍ ബ്രൈറ്റൺ താരത്തിന്‍റെ സെൽഫ് ഗോള്‍ യുണൈറ്റഡിന് നേട്ടമായി. 66-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് മൂന്നാം ഗോള്‍ നേടീ.

12 കളിയിൽ 16 പോയിന്‍റമായി യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്. സീസണില്‍ യുണൈറ്റഡിന്‍റെ ഏറ്റവും മികച്ച പ്രകടനമെന്നായിരുന്നു പരിശീലകന്‍ സോള്‍ഷെയറിന്‍റെ പ്രതികരണം.