ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻപോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി രാത്രി പത്തിന് ലിവർപൂളിനെ നേരിടും. ഈ സീസണിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരെ നിശ്ചയിക്കുന്നതിൽ നിർണായമായ പോരാട്ടമാണിത്.

കഴിഞ്ഞ സീസണിൽ ഒറ്റപ്പോയിന്‍റിന് കപ്പ് കൈവിട്ട ലിവർപൂളിന് ഇക്കുറി കിരീടത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. 11 കളി പൂർത്തിയായപ്പോൾ പത്തിലും ജയിച്ച് 31 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. സിറ്റിയാവട്ടേ രണ്ടുകളി തോറ്റതോടെ 25 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത്. ഇന്ന് ജയിച്ചാൽ ലിവർപൂളിന്‍റെ കിരീടസാധ്യത ഉയരും. 

സിറ്റിക്കാവട്ടെ മുന്നിലേക്കെത്താൻ ലിവർപൂളിനെ പിടിച്ചുകെട്ടിയേ മതിയാവൂ. മുഹമ്മദ് സലാ. സാദിയോ മാനേ, റോബർട്ടോ ഫിർമിനോ ത്രയമാണ് ലിവർപൂളിന്‍റെ കരുത്ത്. റഹീം സ്റ്റെർലിംഗ്, സെർജിയോ അഗ്യൂറോ, ഗബ്രിയേൽ ജീസസ് എന്നിവരിലൂടെയാവും സിറ്റിയുടെ തിരിച്ചടി. ഗോളി എഡേഴ്‌സന് പരുക്കേറ്റത് സിറ്റിക്ക് തിരിച്ചടിയാവും. പകരം ക്ലോഡിയോ ബ്രാവോ ആയിരിക്കും ഗോൾ വലയത്തിന് മുന്നിലെത്തുക. ഡേവിഡ് സിൽവയും പരുക്കിൽ നിന്ന് മോചിതനായിട്ടില്ല. 

ഇതേസമയം ജോർദാൻ ഹെൻഡേഴ്‌സനും വിർജിൽ വാൻഡൈക്കും പരുക്കുമാറിയെത്തുന്നത് ലിവർപൂളിന് കരുത്താവും. യുർഗൻ ക്ലോപ്പിന്‍റെയും പെപ് ഗാർഡിയോളയുടെയും തന്ത്രങ്ങളുടെ ഏറ്റുമുട്ടൽ കൂടിയായിരിക്കും സൂപ്പർ സൺഡേയിലെ പോരാട്ടം. ആൻഫീൽഡിൽ അവസാന പതിനാറ് കളിയിലും സിറ്റിക്കെതിരെ ലിവർപൂൾ തോൽവി അറിഞ്ഞിട്ടില്ല.
 
മാഞ്ചസ്റ്റർ യുണൈറ്റഡ് വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ബ്രൈറ്റണെ നേരിടും. താളംകണ്ടെത്താൻ പാടുപെടുന്ന യുണൈറ്റഡ് 13 പോയിന്‍റുമായീ ലീഗിൽ പത്താം സ്ഥാനത്താണ്. 15 പോയിന്‍റുള്ള ബ്രൈറ്റൺ ഒൻപതാം സ്ഥാനത്തും.