പന്ത് കോര്‍ണര്‍ ഫ്ലാഗിന് അടുത്തുവെച്ച് തിരിഞ്ഞുനടന്ന അര്‍നോള്‍ഡ് അപ്രതീക്ഷിതമായി വെട്ടിത്തിരിഞ്ഞ് കോര്‍ണര്‍ കിക്കെടുക്കുകയായിരുന്നു.
ലിവര്‍പൂള്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ലിവര്‍പൂളിനോട് അവിശ്വസനീയ തോല്‍വി വഴങ്ങി ബാഴ്സലോണ കണ്ണീരണിഞ്ഞ് മടങ്ങിയപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്തത് ലിവര്‍പൂള്‍ നേടിയ നാലാം ഗോളിനെക്കുറിച്ചായിരുന്നു. കോര്‍ണര്‍ കിക്കിലൂടെ ലിവര്‍പൂള്‍ നേടിയ ഈ ഗോളിന് പിന്നില്‍ ഒരു പതിനാലുകരന്‍ ബോള്‍ ബോയിയുടെ ബുദ്ധികൂടിയുണ്ടെന്നാണ് കണ്ടെത്തല്‍. കോര്‍ണറായ പന്ത് ഉടന്‍ ലിവര്‍പൂളിന്റെ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡിന് ഇട്ടുകൊടുത്ത ബോള്‍ ബോയിയായ ഓകലെയ് കനോനിയറിന്റെ നീക്കമാണ് ലിവര്‍പൂളിന്റെ വിജയം ഉറപ്പിച്ച അപ്രതീക്ഷിത കോര്‍ണര്‍ കിക്കിലും ഗോളിലും കലാശിച്ചത്.
പന്ത് കോര്‍ണര്‍ ഫ്ലാഗിന് അടുത്തുവെച്ച് തിരിഞ്ഞുനടന്ന അര്‍നോള്‍ഡ് അപ്രതീക്ഷിതമായി വെട്ടിത്തിരിഞ്ഞ് കോര്‍ണര്‍ കിക്കെടുക്കുകയായിരുന്നു. ഈ സമയം പെനല്‍റ്റി ബോക്സില്‍ ബാഴ്സ പ്രതിരോധം കോര്‍ണര്‍ തടയാനുള്ള ഒരുക്കം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. അപ്രതീക്ഷിത കോര്‍ണറില്‍ നിന്ന് ഒറിഗി ഗോള്‍ നേടിയതോടെ ബാഴ്സ തിരിച്ചുവരാനാവാത്തവിധം തകര്‍ന്നു.
എന്നാല്‍ കനോനിയര്‍ അര്‍നോള്‍ഡിന് വെറുതെ പന്തിട്ടുകൊടുത്തതല്ലെന്ന് അതിനെക്കുറിച്ച് അറിയുന്നവര്‍ പറയും. കാരണം അതിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. കോര്‍ണര്‍, ഫ്രീ കിക്ക് തുടങ്ങിയവ എടുക്കുന്നതിന് തൊട്ടുമുമ്പ് ബാഴ്സ താരങ്ങള്‍ അലസരാകാറുണ്ടെന്ന് ലിവര്‍പൂള്‍ അനലിസ്റ്റുകള്‍ കണ്ടെത്തിയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പന്ത് വേഗം കളിക്കാര്‍ക്ക് കൈമാറണമെന്ന് ബോള്‍ ബോയ്സിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇത് നല്ലപോലെ മനസിലാക്കിയാണ് ലിവര്‍പൂള്‍ അക്കാദമിയിലെ താരം കൂടിയായ പതിനാലുകാരന്‍ കനോനിയര്‍ അര്‍നോള്‍ഡിന് പന്ത് കൈമാറിയത്. ഇനി കിക്കെടുത്ത അര്‍നോള്‍ഡും മുമ്പ് ബോള്‍ ബോയ് ആയിരുന്നു എന്നതാണ് മറ്റൊരു രസകരമായ വസ്തുത. തിരിഞ്ഞു നടക്കുന്ന രീതിയില്‍ അഭിനയിച്ച് കിക്കെടുത്തത് മന:പൂര്‍വമായിരുന്നുവെന്ന് അര്‍നോള്‍ഡ് മത്സരശേഷം വ്യക്തമാക്കിയിരുന്നു.
